ബ്രെയിൻ കാൻസർ ബാധിതനായ തന്റെ പന്ത്രണ്ട് വയസ്സുള്ള സഹോദരിക്ക് വേണ്ടി പണം സ്വരൂപിക്കാൻ 10 വയസ്സുകാരൻ വഴിയരികിൽ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നു. ഹൈദരാബാദിൽ നിന്നുള്ള സെയ്ദ് അസീസ് എന്ന ബാലനാണ് സഹോദരിയുടെ ചികിത്സയ്ക്കായി ധനസമാഹരണത്തിൽ മാതാപിതാക്കളെ സഹായിക്കാൻ ഇറങ്ങിയത്.
സയ്യിദ് അസീസിന്റെ സഹോദരി സക്കീന ബീഗത്തിന് രണ്ട് വർഷം മുമ്പാണ് മസ്തിഷ്ക അർബുദം കണ്ടെത്തിയത്. ആശുപത്രി ചെലവുകൾ താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടുന്നത് കണ്ട് സെയ്ദ് അമ്മ ബിൽക്കെസ് ബീഗത്തിനൊപ്പം പക്ഷികൾക്കുള്ള തീറ്റ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡരികിൽ ഒരു ബെഞ്ച് സ്ഥാപിച്ചാണ് സെയ്ദ് പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നത്.സക്കീനയുടെ ജീവൻ രക്ഷിക്കാൻ റേഡിയോ തെറാപ്പി ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. തെലങ്കാന സർക്കാരിൽ നിന്നും റേഡിയോ തെറാപ്പി ഇവർക്ക് പണം ലഭിച്ചിരുന്നു. മറ്റ് സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലയെന്നും പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്നതിൽ നിന്നു ലഭിക്കുന്ന പണം സക്കീനയുടെ മരുന്നുകൾക്ക് മാത്രമേ തികയുകയുള്ളൂവെന്നും ബിൽക്കെസ് ബീഗ പറയുന്നു. എംആർഐ, എക്സ്-റേ, രക്തപരിശോധന എന്നിവയുൾപ്പെടെയുള്ള മറ്റ് ഡയഗ്നോസ്റ്റിക് ചെലവുകളും വഹിക്കാൻ ബുദ്ധിമുട്ടുകയാണീ കുടുംബം. മകളെ രക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന് സഹായിക്കണമെന്ന് അഭ്യർഥിക്കുകയാണ് ഈ അമ്മ.