സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുത്തിയതായി മന്ത്രി ജി.ആര്.അനില്‍. ഇതു പ്രകാരം രാവിലെ എട്ടു മുതല്‍ 12 വരെയും വൈകീട്ട് നാലു മുതല്‍ ഏഴു വരെയും റേഷന്‍ കടകള്‍ തുറക്കും.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. ജനുവരി 31 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് 1,67,032 കാര്‍ഡുകള്‍ മുന്‍ഗണന കാര്‍ഡുകളാക്കി മാറ്റി നല്കി. പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കും കാര്‍ഡുകള്‍ മാറ്റി നല്‍കുന്നതിനും ലഭിക്കുന്ന അപേക്ഷകള്‍ അതിവേഗത്തില്‍ പരിശോധിച്ചു തീര്‍പ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.