വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിവാഹമോചനം ആവശ്യപ്പെട്ട് ഒരു ഈജിപ്ഷ്യൻ യുവാവ് കുടുംബ കോടതിയെ സമീപിച്ചു. എന്നാൽ, അതിന് പിന്നിലുള്ള കാരണമാണ് വിചിത്രം. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതിന് ശേഷം, ഭാര്യക്ക് ചന്തം പോരെന്ന് തോന്നിയതാണ് വിവാഹമോചനത്തിന് അയാളെ പ്രേരിപ്പിച്ചത്.
ഭാര്യയുടെ സൗന്ദര്യത്തിൽ മതിമറന്നുപോയ ഭർത്താവ് വിവാഹപ്പിറ്റേന്നാണ് ഞെട്ടിപ്പോയത്. ഉറക്കമുണർന്ന അയാൾ മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ട് ഞെട്ടിപ്പോയി. “വിവാഹത്തിന് മുമ്പ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. മേക്കപ്പില്ലാതെ അവളെ കാണാൻ ഒട്ടും ഭംഗിയില്ല” അയാൾ കോടതിയിൽ പറഞ്ഞു. പിന്നീട് ഒരു മാസം അവർ ഒരുമിച്ച് കഴിഞ്ഞെങ്കിലും, അവളുടെ മേക്കപ്പ് ഇല്ലാത്ത മുഖം അയാൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അങ്ങനെയാണ് വിവാഹമോചനത്തിന് അയാൾ മുൻകൈയെടുത്തത്.