ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെ ബഹിഷ്‌കരിച്ച് ബാര്‍ബര്‍ തൊഴിലാളികള്‍. സി.പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. മാത്യുവിന്റെ ‘ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന പരാമര്‍ശമാണ് വിവാദമായത്.
കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടയായിരുന്നു പരാമര്‍ശം. ‘ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഐഎം ഓര്‍ക്കണം’ എന്നായിരുന്നു മാത്യുവിന്റെ വാക്കുകള്‍. ഇതോടെ ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്‌റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു. തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരണം.