ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ എഴുപത്തിനാലാം ജന്മദിനമായ ഇന്ന് വെള്ളിയാഴ്ച സാമൂഹിക നീതി സദ്ഭാവനാ ദിവസമായി ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ജന്മദിനങ്ങളിലും ലാലു പ്രസാദ് യാദവ് ജയിലിലായിരുന്നതിനാൽ ഇക്കുറി ആഘോഷിക്കാനുള്ള ആർജെഡി അണികളുടെ ആവേശം ശക്തമാണ്. കോവിഡ് മാനദണ്ഡങ്ങൾ കാരണം ആഘോഷ പരിപാടികൾക്കു വിലക്കുള്ളതിനാൽ ‘ലാലു കിച്ചൻ’ ഒരുക്കി പാവപ്പെട്ടവർക്ക് അന്നദാനം നടത്തുകയാണ്.
ബിഹാറിൽ എല്ലാ പഞ്ചായത്തുകളിലും അന്നദാനം നടത്താൻ ജില്ലാ, ബ്ലോക്ക് ഘടകങ്ങൾക്ക് ആർജെഡി സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജയിൽ മോചിതനായെങ്കിലും ചികിൽസാ സൗകര്യാർഥം ലാലു പ്രസാദ് യാദവ് കുടുംബ സമേതം ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിലാണ്.
ആർ.ജെ.ഡി കേരള പ്രദേശ് പ്രസിഡന്റ് അനു ചാക്കോ ജന്മദിനാശംസകൾ ലാലുവിനെ ഫോണിൽ വിളിച്ചു നേർന്നു.