ഏറെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും കഠിനാദ്ധ്വാനത്തിലൂടെ ഡോക്ടറൈറ്റ് (PhD ) വരെ കരസ്ഥമാക്കി ഉന്നത അക്കാദമിക് മേഖലയിൽ എത്തിയയാളാണ് എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ വിശിഷ്യാ വയനാട്ടുകാരനുമായ ഡോ. അസീസ് തരുവണ. എന്റെ ധാരണ ശരിയാണെങ്കിൽ മലയാളം സബ്ജക്റ്റിൽ വയനാടു ജില്ലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ആദ്യത്തെയോ രണ്ടാമത്തെയോ വ്യക്തിയാണ്. ഇപ്പോൾ , കേരളത്തിലെ പ്രശസ്തമായ കാമ്പസുകളിൽ ഒന്നായ ഫാറൂഖ് കോളേജിലെ മലയാള വിഭാഗം തലവനാണ്. യശശ്ശരീരനായ പ്രമുഖ എഴുത്തുകാരൻ ഡോ എ.പി.പി നമ്പൂതിരി മുതൽ ഇടതുപക്ഷ ബുദ്ധിജീവിയായ കെ.ഇ.എൻ കുഞ്ഞഹമ്മദ് വരെ വകുപ്പ് തലവന്മാരായിട്ടുള്ള ഡിപ്പാർട്ട്മെന്റാണിത്. കഴിഞ്ഞ വർഷം കേരളത്തിലെ ഏറ്റവും മികച്ച മലയാള വിഭാഗത്തിനുള്ള അവാർഡ് ലഭിച്ച ഡിപ്പാർട്ട്മെന്റാണിത്.
ഇതിനെല്ലാമപ്പുറം, മലയാളികൾ ഏറെ ശ്രദ്ധിക്കുകയും ചർച്ച ചെയ്യുകയും ചെയ്ത വയനാടൻ രാമായണം എന്ന കൃതിയടക്കം ഒരു ഡസനിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഡോക്റ്ററേറ്റ് തീസിസിനെ ആസ്പദമാക്കി രചിച്ച വയനാടൻ രാമായണം The Wayanad Ramayanas എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിക്ക് 2013 ൽ അംബേദ്ക്കർ നാഷനൽ എക്സലൻസി അവാർഡ് ലഭിക്കുകയുണ്ടായി. ബെസ്റ്റ് തീസിസ് അവാർഡ്, വയനാട് ജില്ലാ ഭരണകൂടം 2015 ൽ നൽകിയ സമഗ്ര സംഭാവനാ പുരസ്ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
The folk versions of epic stories in Wayanad district എന്നതായിരുന്നു അസീസ്ക തരുവണയുടെ പി.എച്ച്.ഡി വിഷയം. ഏറെ പുതുമകളുള്ള തലവാചകം. ഇന്ത്യൻ ഇതിഹാസ കാവ്യങ്ങളായ രാമായണ മഹാഭാരതാദികളുടെ വാമൊഴി പാരമ്പര്യം അന്വേഷണ വിധേയമാക്കുന്ന പഠനം. രാമായണത്തിന്റെ ബഹുസ്വരത ചർച്ച ചെയ്യുന്ന വേദികളിലെല്ലാമിന്ന് അസീസ്ക്കയുടെ പഠനം ചർച്ച ചെയ്യാറുണ്ട്. ചരിത്ര പണ്ഡിതനായ കെ.എൻ.പണിക്കരാണ് വയനാടൻ രാമായണത്തിന് അവതാരിക എഴുതിയിട്ടുള്ളത്. ലോക പ്രസിദ്ധ രാമായണ ഗവേഷണ പണ്ഡിതനായ എ.കെ. രാമാനുജന്റെ പഠനങ്ങളോടൊപ്പമാണ് പണിക്കർ അസീസ്ക്കയുടെ പുസ്തകത്തെ ഈ അവതാരികയിൽ അടയാളപ്പെടുത്തുന്നത് എന്നത് ആ കൃതിയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു.
എ.കെ. രാമാനുജന്റെ Three hundred ramayanas … എന്ന ഗവേഷണ പ്രബന്ധം ഡൽഹി യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം സിലബസിൽ ഉൾപ്പെടുത്തിയതിനെ തിരെ തീവ്ര ഹിന്ദുത്വ സംഘടന കലാപമഴിച്ചു വിട്ട കാലത്ത് അതിനെതിരെ പ്രഭാഷണം നടത്തുവാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ അസീസ് തരുവണ പോയത് അഭിമാനപൂർവ്വം ഓർക്കുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ , 20 ദിവസം സ്കോട്ട്ലാന്റിലെ ഗ്ലാസ് കോ യൂണിവേഴ്സിറ്റിയിൽ അസീസ് തരുവണയുടെ Invited lecture നു പോയത് അഭിമാനകരമായ കാര്യമാണ്. ഇപ്പോൾ , ചെക്കോസ്ലാവാക്യയിലെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് invited lecture ന് ക്ഷണം വന്നിരിക്കുകയാണെന്നറിഞ്ഞു. ഫാറൂഖ് കോളേജിൽ അധ്യാപനവൃത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ ചെതലയത്ത് പ്രവർത്തിക്കുന്ന Institute of tribal studies and Research ന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അസീസ് തരുവണ . അതിന് മുമ്പ് വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, സാംസ്ക്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായിരുന്നു. അതിന് മുമ്പ് , ജേർണലിസ്റ്റ്, സ്കൂൾ അധ്യാപകൻ…. അങ്ങനെ പലതും.
അസീസ് തരുവണയുടെ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘വയനാട്ടിലെ ആദിവാസികൾ : ചരിത്രവും വർത്തമാനവും . വയനാട്ടിലെ 12 ഓളം ആദിവാസി വിഭാഗങ്ങളുടെ സോഷ്യോ – പൊളിറ്റിക്കൽ ഹിസ്റ്ററി പഠന വിധേയമാക്കുന്ന ഈ ഗഹനമായ ഗവേഷണ കൃതി ചർച്ചയാവുകയാണ്.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഏറെ ഔദ്യോഗിക തിരക്കുകൾ ഉണ്ടായിരുന്നിട്ടും മുന്നൂറോളം പേജുകളുള്ള ഈ പുസ്തകം താൽപര്യപൂർവ്വം വായിച്ചു തീർക്കുകയുണ്ടായി. ലളിത സുന്ദരമാണ് ഈ പുസ്തകത്തിന്റെ ഭാഷ എന്നത് വായനയെ ഏറെ സുഗമമാക്കി. അതിനപ്പുറം വയനാട്ടിലെ ഒരു ജനപ്രതിനിധി എന്ന നിലയിൽ റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന കൃതിയാണെന്ന കാര്യത്തിൽ സംശയമില്ല.
വയനാടിന്റെ ചരിത്രം പറയുന്ന ഏതാനും പുസ്തകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വയനാട്ടിലെ ആദിവാസികളെ സവിശേഷപഠന വിധേയമാക്കുന്ന കൃതികൾ ഉണ്ടായിട്ടില്ല. അതിനാൽ ഈ മേഖലയിലെ പ്രഥമ കൃതി എന്നൊരു സവിശേഷതകൂടി ഈ പുസ്തകത്തിനുണ്ട്.
ഈ പുസ്തകത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഏറെയൊന്നും ദീർഘമല്ലാത്ത ആ മുഖത്തിൽ ഈ കൃതി രചിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നുണ്ട്. അതിലെന്നെ ഏറെ ആകർഷിച്ച ഒരു വാചകമിതാണ്: ” ഈ പുസ്തകം, എന്റെ കൺമുന്നിലുള്ള അങ്ങേയറ്റം ചൂഷണത്തിനും പീഢനത്തിനും വിധേയരായിക്കൊണ്ടിരിക്കുന്ന ജനതയെക്കുറിച്ചുള്ള അന്വേഷണമാണ്. ഒരു വലിയ ജന വിഭാഗം അസ്ഥിത്വ, സ്വത്വപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ എവിടെയായിരുന്നു എന്ന വരുംകാല ചരിത്രത്തിലെ ഏറ്റവും അടിത്തട്ടിലെ ജനതയുടെ ചോദ്യത്തിനുള്ള ഒരെളിയ ഉത്തരമാണ്….
തീർച്ചയായും ആഴത്തിൽ ചിന്തിപ്പിക്കേണ്ട വാചകമാണിത്. അസീസ്ക്കയിലെ അക്കാദമിക് ആക്റ്റിവിസ്റ്റിനെ എന്നതിലുപരി അടിത്തട്ടിലെ ജനതയോടൊപ്പം നിലയുറപ്പിച്ച അസീസ് തരുവണ യുടെ ഇടതുപക്ഷ മനസ്സാണ് ഈ വാക്കുകളിൽ നാം കാണുന്നത്.
ഈ പുസ്തകത്തിലെ ഒന്നാം അധ്യായം കേരളത്തിലെ 36 ആദിവാസി വിഭാഗങ്ങളെ സംക്ഷിപ്തമായി പരിചയപ്പെടുത്തുന്നതാണ്. രണ്ടാം അധ്യായം, വയനാട്ടിലെ ആദിവാസികൾ എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. കൃത്യവും ഏറ്റവും പുതിയതുമായ ഡാറ്റകൾ നിരത്തിയുമുള്ള ഈ അധ്യായത്തിൽ കില , കീർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ SC/ST വിഭാഗങ്ങളെക്കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ളത് ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്കേറെ സഹായകമായി എന്നറിയിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.
തുടർന്ന്, വയനാട്ടിലെ 12 വിഭാഗം ആദിവാസി വിഭാഗങ്ങളെ വിശദമായി പരിചയപ്പെടുത്തുന്നു.
ഈ ഒന്നാംഭാഗത്തെ ഏറ്റവും കൗതുകകരമാക്കുന്ന ഘടകങ്ങളിൽ ഒന്ന് അതിലുപയോഗിച്ച ഫോട്ടോകളാണ്. നൂറ് വർഷം മുമ്പുള്ള ഓരോ ആദിവാസി വിഭാഗങ്ങളുടെ ഫോട്ടോകളും(1911 ൽ പ്രസിദ്ധീകരിച്ച Wayanad :It’s people and tradition എന്ന പുസ്തകത്തിനു വേണ്ടി എടുത്ത ഫോട്ടോകൾ) 2015 ൽ അസീസ് തരുവണ എടുത്ത ഫോട്ടോകളും ഇതിൽ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടയിൽ വയനാട്ടിലെ ഓരോ ആദിവാസി ജനവിഭാഗങ്ങളും പിന്നിട്ട പാതകൾ ഈ ഫോട്ടോകൾ വിളിച്ചു പറയുന്നുണ്ട്.
പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ , ആ ദിവാസി സ്വത്വം, പോരാട്ടം, ചരിത്രം എന്ന ഒന്നാം അധ്യായത്തിൽ ആദിവാസികൾ സ്വാതന്ത്ര്യ സമരത്തിലും മറ്റും വഹിച്ച പങ്ക് എടുത്ത് പറയുന്നു.
വയനാട്ടിൽ നിലനിന്ന ആദിവാസി അടിമത്തത്തെപ്പറ്റിയുള്ള സുദീർഘമായ അധ്യായമാണ് രണ്ടാമത്തേത്. 1970 കളുടെ ഒടുവിൽ വരെ വയനാട്ടിൽ നിലനിന്ന ബോണ്ടട്ട് ലേബർ സിസ്റ്റത്തെപ്പറ്റി ഈ അധ്യായത്തിൽ വിവരിക്കുന്നുണ്ട്. കമ്യുണിസ്റ്റ് പാർട്ടിയുടെ കീഴിൽ ഇതിനെതിരെ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ഇതിൽ വിവരിക്കുന്നു.
വംശനാശത്തിലേക്ക് എന്ന അധ്യായത്തിൽ, കേരളത്തിലെ വംശനാശം നേരിടുന്ന വിഭാഗങ്ങളെപ്പറ്റി കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നത് ഒരു ഞെട്ടലോടെയാണ് വായിച്ചത്. സയലന്റ് വാലി സമരകാലത്ത് , സിംഹവാലൻ കുരങ്ങിനെ സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടിയിരുന്ന കാലത്ത് രണ്ട് ആ ദിവാസി വിഭാഗങ്ങൾ ഇല്ലാതായി പോയതിനെപ്പറ്റി പറയുന്നുണ്ട്. അഞ്ച് പേരിലേക്ക് ചുരുങ്ങിയ ഒരു ആദിവാസി വിഭാഗത്തെക്കുറിച്ച് ഈ അധ്യായത്തിൽ വിവരിക്കുന്നുണ്ട്.
ആദിവാസികൾക്കിടയിൽ ആസൂത്രിതമായി നടക്കുന്ന ആര്യ വത്കരണം എന്ന വിഷയത്തിൽ സാമാന്യം ദീർഘമായ ഒരധ്യായമുണ്ട്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയെപ്പറ്റി നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വയനാട്ടിലെ ആദിവാസികളെ ആസ്പദമാക്കിയുള്ള അത്തരമൊരു പഠനം പ്രഥമമാണ്.
അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന ആദിവാസി ഭാഷകളെപ്പറ്റിയുള്ള ആഴമാർന്ന പഠനമാണ് മറ്റൊരധ്യായം. ആഗോളീകരണകാലത്തെ ആദിവാസി വൈദ്യത്തെപ്പറ്റിയുള്ള പഠനാർഹമായ ഒരു പ്രബന്ധമാണ് മറ്റൊരധ്യായം.
ഈ ഭാഗത്തെ അവസാനത്തെ അധ്യായം, ആദിവാസി സാഹിത്യത്തിന്റെ പ്രത്യയശാസ്ത്രം, വർത്തമാനം ഇവ വിശദമാക്കുന്നതാണ്. ഗോത്രഭാഷയിൽ എഴുതുന്ന ഒരു ഡസനോളം കേരളീയ കവികളെപ്പറ്റി ഈ അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ തുടർച്ചയിൽ,
ആദിവാസി പഠനങ്ങൾ എന്ന പേരിൽ ഒരു പുസ്തകം അടുത്തു തന്നെ ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം ഗ്രന്ഥകാരൻ സൂചിപ്പിക്കുകയുണ്ടായി.
ആഴമാർന്ന പഠനവും നിരീക്ഷണങ്ങളും മുന്നോട്ടുവെക്കുന്ന ഈ കൃതി മലയാള വൈജ്ഞാനിക സാഹിത്യ മേഖലയിൽ വരുംനാളുകളിൽ അർഹിക്കുംവിധം അംഗീകരിക്കപ്പെടുമെന്നതിൽ സംശയമില്ല.
ഇത്തരമൊരു കൃതിയൊരുക്കുന്നതിൽ കഠിനാദ്ധ്വാനം ചെയ്ത വയനാട്ടുകാരനായ അസീസ് തരുവണയെ സ്നേഹപൂർവ്വം ഹൃദയത്തോടൊപ്പം ചേർത്തുവെക്കുന്നു.
ജുനൈദ് കൈപ്പാണി
ചെയർമാൻ
വയനാട് ജില്ലാ പഞ്ചായത്ത്
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി