കേരള ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം പഴശ്ശി ഗ്രന്ഥാലയം ഗോത്രവിഭാഗക്കാർക്കായുള്ള സൗജന്യ അംഗത്വ വിതരണം നടത്തി. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം ശ്രീ പി സുരേഷ് ബാബു മഹിളാ സമഖ്യ സൊസൈറ്റിയുടെ മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിദ്യാർത്ഥിനി കുമാരി സഞ്ജിനി കേളപ്പന് നൽകി ഉൽഘാടന കർമം നിർവ്വഹിച്ചു. ഗോത്രവിഭാഗങ്ങളിൽ വായനശീലം വളർത്തുന്നതിനും അറിവും വിജ്ഞാനവും നേടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ നയിക്കുന്നതിനുമായാണ് പ്രസ്തുത പരിപാടി ലക്ഷ്യം വെക്കുന്നത്. മഹിള ശിക്ഷൺ കേന്ദ്രത്തിലെ ഗോത്ര വിദ്യാർത്ഥിനികൾക്ക് അംഗത്വം നൽകിയ ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ വിനോദ് കുമാർ എസ് ജെ അധ്യക്ഷതവഹിച്ചു. ഗ്രന്ഥാലയത്തിന്റെ യുവജനവേദി കൺവീനർ ശ്രീ കെ. അയൂബ് ആമുഖ പ്രഭാഷണം നടത്തി. മഹിള സമഖ്യ സൊസൈറ്റി വയനാട് ജില്ല കോ ഓർഡിനേറ്റർശ്രീമതി അംബിക വി.ഡി. മഹിള ശിക്ഷൺ വിദ്യാർത്ഥിനി മൃദുല പി ജി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.