‘അങ്ങിനെയെങ്കിൽ’ ആരിഫ് തണലോട്ട്

Poems


അത്ര അനായാസം
നിന്നെക്കണ്ടെത്തുവാനുള്ള
വഴികളെനിക്കറിയാം

എന്നിട്ടും…?

നീ പോയതിൻ്റെ
അന്നോ
പിറ്റേന്നോ
ഞാൻ നിന്നെ
തിരഞ്ഞിറങ്ങുന്നില്ലെങ്കിൽ
ഓർത്തു നോക്കൂ

ഏതു പാട്ടാണ്
നീ
എന്നിലുപേക്ഷിച്ചിട്ടുണ്ടാവുക… ?

മറവികൾക്ക് പാകമായ
ഉടുപ്പുകളിലേക്ക്
നീയെങ്ങിനെയാണ്
എന്നെ
വലിച്ചു കയറ്റിയിട്ടുണ്ടാവുക….!

വിയർപ്പിനു പകരം
കണ്ണീരെന്ന
വിവർത്തനം
രക്തത്തിനു പകരമെന്ന
വാക്കായി
പരിവർത്തിപ്പിക്കാൻ
എത്ര രാത്രികളെയാണ്
നീ
കൊന്നു തള്ളിയിട്ടുണ്ടാവുക.

ഇല്ല
നീയിട്ടേച്ചുപോയതൊന്നും
എന്നിലില്ല

വെളിച്ചമുള്ള
ഒരു രാത്രി…!

നക്ഷത്രങ്ങളുള്ള
ആകാശം …!

ഭയമില്ലാത്ത
പുലരി…!

മണമുള്ള പൂവുകൾ …!
സ്നേഹമുള്ള വാക്കുകൾ…!

അങ്ങിനെയെങ്കിൽ പിന്നെ
നമ്മളെന്തിനാണു
ഒരുപാടു രാത്രികളെ
വെറുതെ
പകുത്തെടുത്തത്…

Leave a Reply

Your email address will not be published. Required fields are marked *