തങ്ങളെ അടിച്ച ഒരു പൊലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാൽ എം പി. പണ്ട് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചു. ആ പൊലീസുകാരനെ ആഭ്യന്തരമന്ത്രി മറന്നിട്ടില്ല എന്ന് കരുതുന്നു. രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയാണ് കെ സി വേണുഗോപാലിന്റെ പരാമർശം
അടിച്ച ഒരാളെയും മറക്കില്ല. അവരുടെ തലയിൽ തൊപ്പി കാണരുത് എന്നാണ് കോൺഗ്രസുകാരുടെ ആഗ്രഹം. ആ പൊലീസുകാരൊക്കെ ഇപ്പൊ കോണ്ഗ്രസ് നേതാക്കളുടെ വീടുകൾ കയറി ഇറങ്ങുകയാണ്. എന്റെ മുന്നിലും വരും. ഒരു വിട്ടുവീഴ്ചയും ഒരു പൊലീസുകാരനോടും ഉണ്ടാവില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം ഓപ്പറേഷന്‍ തൂഫാന്‍ കേസുകളില്‍ ഒരു ശുപാര്‍ശയും കേള്‍ക്കരുതെന്ന് പൊലീസുകാര്‍ക്ക് ചെന്നിത്തല കര്‍ശന നിര്‍ദേശം നല്‍കി. ആംബുലന്‍സുകള്‍ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലന്‍സുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. ജനങ്ങള്‍ ഒന്നടങ്കം തൂഫാന്‍ വാരിയേഴ്‌സ് ആയി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്. ഈ പരിപാടി അവസാനിപ്പിക്കണം. ഇത് അവസാനമുന്നറിയിപ്പാണ്. തുടര്‍ന്നാല്‍ പിടികൂടുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.