തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു; രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു

General

തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. രണ്ട് രാജ്യസഭാ അംഗങ്ങള്‍ കൂടി എംപി സ്ഥാനം രാജി വച്ചു. അഭിഷേക് ബാനര്‍ജി ഉണ്ടേല്‍ പാര്‍ട്ടിയില്‍ തുടരില്ലെന്ന് മമതയുടെ വിശ്വസ്തന്‍ കല്യാണ്‍ ബാനര്‍ജി.

കഴിഞ്ഞ നാല് ദിവസത്തിനിടെ നാല് ടിഎംസി എംപിമാരാണ് രാജ്യസഭാ അംഗത്വം രാജിവെച്ചത്. സുഖേന്ദു ശേഖര്‍ റോയ്, സുഷ്മിത ദേവ് എന്നിവര്‍ പിന്നാലെ പ്രകാശ് ചിക് ബറൈക്ക്,,കോയല്‍ മല്ലിക്ക് എന്നിവരാണ് ഇന്ന് രാജി കത്ത് നല്‍കിയത്.. ഇതോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ എണ്ണം പതിമൂന്നില്‍ നിന്ന് ഒന്‍പതായി. നാല് രാജ്യസഭാ സീറ്റുകളും ബിജെപിക്ക് ലഭിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു.

അതിനിടെ, അഭിഷേക് ബാനര്‍ജിക്കെതിരെ മമതയുടെ വിശ്വസ്തന്‍ കല്യാണ്‍ ബാനര്‍ജി രംഗത്തെത്തിയത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.വ്യാജ ഒപ്പ് കേസിലെ അഭിഭാഷക സ്ഥാനത്തു നിന്നും ഒഴിവാക്കിയ നടപടിയാണ് കല്യാണ്‍ ബാനര്‍ജിയെ ചൊടിപ്പിച്ചത്. അഭിഷേക് ബാനര്‍ജി ഉണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരില്ല എന്നാണ് കല്യാണ്‍ ബാനര്‍ജിയുടെ നിലപാട്. തീരുമാനമെടുക്കേണ്ടത് മമതയാണെന്നും കല്യാണ്‍ ബാനര്‍ജി വ്യക്തമാക്കി.

അതേസമയം, ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് വിമത എംപിമാരുടെ ആവശ്യം ലോക്‌സഭാ സ്പീക്കര്‍ അംഗീകരിച്ചേക്കും. ആകെയുള്ള 28 പേരില്‍ 20 എംപിമാരും വിമത പക്ഷത്താണ്. കൂടുതല്‍ എംപിമാരും വിമത പക്ഷത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *