തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. അണ്ണാ ഡിഎംകെ – സിവി ഷണ്മുഖം പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നു. വിമത പക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി ക്യാംപിലേയ്ക്ക് തിരിച്ചെത്തി. 25 എംഎല്‍എമാരുമായി ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ സി വി ഷണ്മുഖം പക്ഷത്തിപ്പോള് 17 എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. ഇപിഎസ് വിഭാഗത്തിന് 27 എംഎല്‍എമാരുടെ പിന്തുണയായി.
ഇന്ന് രാവിലെ മുതലാണ് അണ്ണാ ഡിഎംകെയിലെ നീക്കങ്ങള്‍ ശക്തമായത്. ഉച്ചയോടെ സി വി ഷണ്മുഖം പക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമിയ്ക്ക് പിന്തുണയുമായി എത്തി. പന്റൂട്ടി എംഎല്‍എ- മോഹന്‍, ആര്‍ക്കാട് എംഎല്‍എ- സുകുമാര്‍,കാങ്കേയം എംഎല്‍എ- എന്‍എസ്എന്‍ നടരാജന്, ശങ്കരന്‍കോവില്‍ എംഎല്‍എ-ദിലീപന് എന്നിവരാണ് ഇന്ന് ഇപിഎസ് ക്യാംപില്‍ തിരിച്ചെത്തിയത്.
പിന്നാലെ, സി വി ഷണ്മുഖം പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ സ്പീക്കര്‍ ജിസിഡി പ്രഭാകരന് രാജിക്കത്ത് നല്കി. മധുരാന്തകം എംഎല്‍എ-മരകതം കുമരവേല്, താരാപുരം എംഎല്‍എ -സത്യഭാമ, പെരുന്തുറൈ എംഎല്‍എ-ജയകുമാര്‍ എന്നിവരാണ് രാജിവെച്ചത്. ഇതിന് പിന്നാലെ മന്ത്രി ആദവ് അര്‍ജുനയെ കണ്ട് ടിവികെയില്‍ അംഗത്വം സ്വീകരിയ്ക്കുകയും ചെയ്തു. കൂടുതല്‍ എംഎല്‍എമാര്‍ രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.
കേവല ഭൂരിപക്ഷത്തിലേയ്ക്ക് ടിവികെയ്ക്ക് ആവശ്യം 118 എംഎല്‍എമാരാണ്. നിലവില്‍ 107 എംഎല്‍എമാരാണ് ടിവികെയ്ക്ക് മാത്രമായി ഉള്ളത്. കൂടുതല്‍ അണ്ണാ ഡിഎംകെ – എംഎല്‍എമാരെ രാജിവെപ്പിച്ച്, ഉപതിരഞ്ഞെടുപ്പിലൂടെ കേവല ഭൂരിപക്ഷം ഉറപ്പിയ്ക്കാനുള്ള നീക്കം കൂടിയാണ് ടിവികെയുടെത്.
എസ് പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് സി വി ഷണ്മുഖവും എംഎല്‍എമാരും വീണ്ടും സ്പീക്കര്‍ക്ക് കത്ത് നല്കി. ഇക്കാര്യത്തില്‍ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിയ്ക്കുമെന്ന് സ്പീക്കര്‍ ജെസിഡി പ്രഭാകര്‍ അറിയിച്ചു.