മുഖ്യമന്ത്രി കെ സി വേണുഗോപാല്‍ തന്നെ?; ഇരിക്കൂറില്‍ മത്സരിച്ചേക്കും

General

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തില്‍ ദിവസങ്ങളായി അനിശ്ചിതത്വം തുടരുമ്പോഴും അന്തിമഘട്ട ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെയാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദവി ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് അന്തിമ ഘട്ടത്തിലേക്ക് നീക്കി കെപിസിസി മുന്‍ അധ്യക്ഷന്മാരേയും വര്‍ക്കിങ് പ്രസിഡന്റുമാരേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ മുരളീധരന്‍, വി എം സുധീരന്‍, കെ സുധാകരന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം എം ഹസന്‍ എന്നി കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ അടക്കം ഒട്ടനവധി നേതാക്കളെയാണ് അഭിപ്രായം തേടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എങ്കിലും ഒടുവില്‍ കെ സി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രഖ്യാപനം വൈകിപ്പിക്കില്ലെന്നും ഇന്നോ നാളെയോ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി നേതാക്കളില്‍ നിന്ന് അഭിപ്രായം തേടുന്നുണ്ടെങ്കിലും 63 എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിനെ മാത്രം പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് കെ സി വേണുഗോപാലിനെ തീരുമാനിച്ച് പ്രഖ്യാപനം വന്നാല്‍ അദ്ദേഹം ഇരിക്കൂറില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇരിക്കൂറില്‍ കോണ്‍ഗ്രസ് നേതാവ് സജീവ് ജോസഫ് ആണ് വിജയിച്ചത്. ഇദ്ദേഹത്തെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് അവിടെ നിന്ന് മത്സരിക്കാനാണ് കെ സി വേണുഗോപാല്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ള മണ്ഡലം എന്ന നിലയിലും കണ്ണൂര്‍ സ്വദേശി എന്ന നിലയിലും ഇരിക്കൂറില്‍ മത്സരിക്കാനാണ് കെ സി വേണുഗോപാല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇന്നലെ രാത്രി തന്നെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയുമായി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് മാത്രമാണ് ഇനി സാധ്യതയെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പുണ്ടാവില്ല എന്നുമാണ് ഡല്‍ഹിയില്‍നിന്നും ലഭിക്കുന്ന വിവരം.

പ്രഖ്യാപനം കേരളത്തില്‍വെച്ച് വേണോ അതോ ഡല്‍ഹിയില്‍വെച്ച് വേണോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡല്‍ഹിയില്‍വെച്ചാണെങ്കില്‍ രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ആയിരിക്കും പ്രഖ്യാപനം നടത്തുക. കേരളത്തിലാണെങ്കില്‍ നിയമസഭാ കക്ഷിയോഗം വിളിച്ച് ഹൈക്കമാന്‍ഡിന്റെ തീരുമാനം അവിടെവെച്ച് അറിയിച്ചേക്കും.

മുഖ്യമന്ത്രിക്കൊപ്പം, അനുനയരീതിയില്‍ ഉപമുഖ്യമന്ത്രി പദം ഉണ്ടായേക്കും എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും നിലവില്‍ ഇതിന് സാധ്യതയില്ല എന്ന വിവരമാണ് ഹൈക്കമാന്‍ഡുമായി അടുത്ത വൃത്തങ്ങള്‍ പങ്കുവെക്കുന്നത്. തര്‍ക്കത്തില്‍ നില്‍ക്കുന്ന ആളുകളെ കാബിനറ്റില്‍ നല്ല വകുപ്പുകള്‍ കൊടുത്ത് ഒപ്പം നിര്‍ത്താനുള്ള നീക്കവും ഹൈക്കമാന്‍ഡ് സ്വീകരിച്ചേക്കാം.

പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍, 17 വര്‍ഷങ്ങള്‍ക്കുശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കെ സി വേണുഗോപാലിന്റെ മടങ്ങിവരവാകും ഇത്. പൊതുജനവികാരം എന്ന തരത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രതികരണങ്ങളേയും ഘടകകക്ഷികളുടെ താല്‍പര്യത്തേയും ഹൈക്കമാന്‍ഡ് മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് വിവരം. നിയമസഭാ കക്ഷിയിലെ എംഎല്‍എമാരുടെ ഭൂരിപക്ഷമനുസരിച്ച് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരമ്പരാഗതമായ രീതി. ഭൂരിഭാഗം എംഎല്‍എമാരും കെസിയെയാണ് പിന്തുണച്ചത് എന്ന തരത്തിലുള്ള വിവരങ്ങളാണ് നേരത്തേമുതല്‍ തന്നെ പുറത്തുവന്നിരുന്നത്. ഇതിനുപിന്നാലെയാണ് വി ഡി സതീശനേയും രമേശ് ചെന്നിത്തലയേയും ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ഓരോരുത്തരോടും വ്യക്തിപരമായി സംസാരിച്ച് അവര്‍ക്ക് പറയാനുള്ളത് കേട്ടശേഷം, കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്ത് തീരുമാനം അറിയിക്കാം എന്നുപറഞ്ഞാണ് നേതാക്കളെ കേരളത്തിലേക്ക് തിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *