അഗ്നിവീര്‍ പദ്ധതി പുനരാലോചിക്കണം, പൊതു മിനിമം പരിപാടി വേണം; ആവശ്യങ്ങള്‍ ഉന്നയിച്ച് ജെഡിയു

Kerala

ന്യൂഡല്‍ഹി: അഗ്നിവീര്‍ പദ്ധതിയിൽ പുനരാലോചന വേണമെന്ന് എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന് പൊതുമിനിമം പരിപാടി വേണമെന്നും, ജാതി സെന്‍സസ് നടപ്പാക്കണമെന്നും ജെഡിയു എന്‍ഡിഎ നേതൃത്വത്തിന് മുന്നില്‍ ആവശ്യമുന്നയിച്ചു. ഒരു രാജ്യം ഒറ്റ വൈദ്യുത നിരക്ക് എന്ന ആവശ്യവും ജെഡിയു മുന്നോട്ടു വെച്ചിട്ടുണ്ട്.

അതേസമയം ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്നിവയെ പിന്തുണയ്ക്കുന്നതായും ജെഡിയു അറിയിച്ചിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് സങ്കീര്‍ണമായ പദ്ധതിയാണ്. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ഇതു നടപ്പാക്കാവൂ എന്നാണ് ജെഡിയു ആവശ്യപ്പെട്ടിട്ടുള്ളത്. ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തി.

അഗ്നിപഥ് പദ്ധതി 2022 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങിളില്‍ ചുരുങ്ങിയ കാലത്തേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്. ഇടക്കാല സേവന മാതൃകയില്‍ നാല് വര്‍ഷത്തെ സൈനിക സേവനമാണിത്. അഗ്‌നിപഥ് പദ്ധതി വഴി റിക്രൂട്ട് ചെയ്യുന്ന സൈനികരെ അഗ്നിവീര്‍ എന്നാണ് അറിയപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *