കൽപറ്റ: ജലനിരപ്പ് ഉയർന്നതോടെ ബാണാസുര സാഗർ അണക്കെട്ട് തുറന്നു. രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാൻ അനുമതിയുണ്ട്.
അണക്കെട്ടിൽ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാൻ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടർന്ന് കബനി നദിയിലേക്കും പിന്നീട് കർണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. ബീച്ചിനഹള്ളി ഡാമിലെ ഷട്ടർ കൂടുതൽ ഉയർത്താൻ കർണാടകയോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
അണക്കെട്ടിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറത്തറ, തരിയോട്, പനമരം പഞ്ചായത്തുകളെയാണ് ബാധിക്കുക. ഇവിടെ പ്രത്യേക യോഗം ചേർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് വർഷം മുമ്പാണ് അവസാനമായി ബാണാസുര അണക്കെട്ട് തുറന്നത്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളം ഒഴുകിപ്പോകുന്ന പുഴകളിൽ നിന്നും മീൻ പിടിക്കുകയോ പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.