ന്യൂഡല്‍ഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നേരിയ തോതില്‍ നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് മികച്ച ജയം അനിവാര്യം. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഡല്‍ഹിയുടെ എതിരാളികള്‍. അവര്‍ക്കും ജയം അനിവാര്യമാണ്.
ഡല്‍ഹിക്ക് 13 കളിയിലും ലഖ്‌നൗവിന് 12 കളിയിലുമാണ് 12 പോയിന്റുകള്‍. ഡല്‍ഹിക്ക് ഇന്ന് വന്‍ മാര്‍ജിനില്‍ തന്നെ ജയം അനിവാര്യമാണ്. ഇന്ന് വമ്പന്‍ ജയം സ്വന്തമാക്കുകയും മറ്റ് ടീമുകളുടെ ഫലങ്ങളുമാണ് അവരുടെ പ്ലേ ഓഫ് സാധ്യതകളെ നിര്‍ണയിക്കുക.
ഇന്നത്തെ പോരാട്ടം ഉള്‍പ്പെടെ ലഖ്‌നൗവിന് രണ്ട് മത്സരങ്ങളുണ്ട്. രണ്ടും ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് നാലാം സ്ഥാനക്കാരായെങ്കിലും ഉറപ്പിക്കാം.
ഇരു ടീമുകളും അവസാന മത്സരം തോറ്റാണ് നേര്‍ക്കുനേര്‍ വരുന്നത്. ഡല്‍ഹി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോടു പരാജയപ്പെട്ടപ്പോള്‍ ലഖ്‌നൗ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകള്‍കളേയും തുണയ്ക്കില്ല.
കഴിഞ്ഞ മത്സരത്തില്‍ വിലക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന ക്യാപ്റ്റന്‍ ഋഷഭ് പന്ത് ടീമില്‍ മടങ്ങിയെത്തുന്നതാണ് ഡല്‍ഹിക്ക് ആശ്വാസം. ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും മത്സരം നിര്‍ണായകം.