രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ

National

രാജ്യത്ത് അരലക്ഷത്തിലേറെ പ്രതിദിന കൊവിഡ് ബാധിതർ. ഒമിക്രോൺ ബാധിതരുടെ എണ്ണവും രണ്ടായിരം പിന്നിട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.
വിവിധ രാഷ്ട്രീയ പാർട്ടികൾ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന റാലികൾ രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ എത്തുന്നത്.

58,097 പേർക്കാണ് ഏറ്റവും ഒടുവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന 534 മരണങ്ങളും കോവിഡ് കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 15,389 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,14,004 ആയി ഉയർന്നു.
ഡൽഹിയിൽ പ്രതിദിനം 10000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. രോഗവ്യാപന നിരക്ക് 10 ശതമാനമായി ഉയരുമെന്നും ജയിൻ വ്യക്തമാക്കി. ബിഹാറിൽ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ് ഉൾപ്പെടെ 4 മന്ത്രിമാർക്ക് കൂടി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു.

രോഗ വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിൽ നടത്താനിരുന്ന എല്ലാ റാലികളും കോൺഗ്രസ് മാറ്റി വെച്ചു. യോഗി ആദിത്യ നാഥിൻ്റെ ലക്നൗ റാലിയും റദ്ദാക്കിയിട്ടുണ്ട് . അതെ സമയം രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വരെയായി 2,135 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ വകഭേദം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *