ചരിത്ര വസ്തുതകള്‍ കാലത്തിനനുരിച്ച് തിരുത്തപ്പെടുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിയാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പനമരം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പനമരം ഗവ: ജി.എല്‍.പി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തലയ്ക്കല്‍ ചന്തു അനുസ്മരണ സെമിനാര്‍ നടന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഐതിഹാസിക സമരങ്ങളാണ് പഴശ്ശിരാജ നടത്തിയത്. സമരങ്ങളില്‍ തലയ്ക്കല്‍ ചന്തു അദ്ദേഹത്തിന്റെ വലം കൈയ്യായി പ്രവര്‍ത്തിച്ചു. വയനാട് പനമരത്തെ ബ്രിട്ടീഷ് പോസ്റ്റ് തകര്‍ക്കുവാന്‍ തലയ്ക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു. ധീരമായ പോരാട്ടത്തിന് മുന്നില്‍ നിന്ന തലയ്ക്കല്‍ ചന്തുവിലെ ഒടുവില്‍ ചതില്പ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ കീഴ്പ്പെടുത്തിയത്. പഴശ്ശി പോരാട്ട സമരങ്ങളില്‍ ധീര യോദ്ധാവായി തലയ്ക്കല്‍ ചന്തുവിനെ ചരിത്രം അടയാളപ്പെടുത്തുന്നു. പഴശ്ശി സമര കാലഘട്ടങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ വയനാടിന്റെ പല കോണുകളിലുണ്ട്. നേരായ ചരിത്ര വായനയില്‍ ഈ സ്മാരകങ്ങളെല്ലാം കാലത്തോട് സത്യം വിളിച്ച് പറയും. സമര രേഖകളെല്ലാം വരും കാലത്തിന്റെ പാഠപുസ്തകങ്ങളാണ്. ധീര ദേശാഭിമാനികളൊക്കെ അര്‍ഹിക്കുന്ന അംഗീകാരത്തോടെ നീണാള്‍ വാഴുമെന്നും സെമിനാര്‍ വിലയിരുത്തി.
സെമിനാറും, ചരിത്ര ക്വിസ് മത്സരവും പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. തലയ്ക്കല്‍ ചന്തുവും വിദേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടവും എന്ന വിഷയത്തില്‍ ഡോ. ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീമാ മാനുവല്‍, കെ.ടി.സുബൈര്‍, മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ഷാജന് ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, സി.ആര്. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.