വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: സംഷാദ് മരക്കാര്‍

Wayanad

മാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് സംഷാദ് മരക്കാര്‍. കുറുക്കന്‍മൂലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടോ ജീവനോപാധികളായ വളര്‍ത്തുമൃഗങ്ങളെയാണ് ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. നാമമാത്രമായ നഷ്ടപരിഹാരം നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. കടുവയുടെ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍ നിസംഗരായി നിന്ന വനംവകുപ്പിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയാക്കിയത്. പലപ്പോഴും ജനങ്ങള്‍ പ്രതിഷേധങ്ങള്‍ നടത്തിയാല്‍ മാത്രമാണ് തുടര്‍നടപടികളിലേക്ക് വനംവകുപ്പ് കടുക്കുന്നത്. കഴിഞ്ഞ 16 ദിവസത്തിനിടെ 14 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. രണ്ട് പശുക്കള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശവാസികളൊന്നാകെ ഭീതിയിലാണ്. പാല്‍കറന്ന് വിറ്റും മറ്റും ഉപജീവനം നടത്തുന്ന കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കടുവയെ പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം തന്നെ സമയബന്ധിതമായി കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *