വയനാട് ജില്ലാ ആസൂത്രണ സമിതിയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായി ആയി വാര്‍ഷിക പദ്ധതി ആസൂത്രണം-നിര്‍വഹണം എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പര്‍ പ്രൊഫസര്‍ ജിജു പി അലക്സ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. കോവിഡാനന്തര അതിജീവന കാലഘട്ടത്തില്‍ ഉല്‍പ്പാദന മേഖലയിലായിരിക്കണം പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് പ്രൊഫസര്‍ ജിജു പി അലക്സ് അഭിപ്രായപ്പെട്ടു. പതിനാലാം പഞ്ചവത്സര രൂപീകരണത്തില്‍ ജില്ലയില്‍ നിന്ന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് സമര്‍പ്പിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ശില്പശാല, വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുതല്‍ക്കൂട്ടാകുമെന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. കില ലക്ചറര്‍ വിനീത പരിശീലന പരിപാടി വിശദീകരിച്ചു. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, പ്ലാന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശീലന ശില്‍പ്പശാലയില്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്.മണിലാല്‍, തിരുവനന്തപുരം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വിഎസ്. ബിജു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.പി. സുധീഷ്, ടെക്നിക്കല്‍ ഓഫീസര്‍ ശ്രീകാന്ത്.ടി, റിസര്‍ച്ച് അസിസ്റ്റന്റ് നവാസ് മഹമൂദ് എന്നിവര്‍ സംസാരിച്ചു.