പനമരം : ലോക കാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി പനമരത്ത് സൗജന്യ മുഖവൈകല്യ – മുച്ചിറി നിവാരണക്യാമ്പ് സംഘടിപ്പിച്ചു. 38 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 27 പേർക്കുള്ള സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സയും ആശുപത്രി അധികൃതർ ഉറപ്പു നൽകി. പനമരം പൗരസമിതി, പത്രപ്രവർത്തക അസോസിയേഷൻ, സെന്റ് ജോൺസ് ആംബുലൻസ്, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, ജ്യോതിർഗമയ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെയായിരുന്നു മെഡിക്കൽ ക്യാമ്പൊരുക്കിയത്.
സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായുള്ള മുഖവൈകല്യ – സൗജന്യ മുച്ചിറി നിവാരണ ക്യാമ്പ് പനമരം യതി ഡ്രൈവിംഗ് സ്കൂളിൽ വെച്ച് പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ ബെസ്സി പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പനമരം പൗരസമിതി ഭാരവാഹികളായ അഡ്വ ജോർജ് വാത്തുപറമ്പിൽ, റസാക്ക് സി. പച്ചിലക്കാട്, കാദറുകുട്ടി കാര്യാട്ട്, വി.ബി രാജൻ, പി.എൻ അനിൽകുമാർ, സെന്റ് ജോൺ ആംബുലൻസ് ജില്ലാ ചെയർമാൻ ജസ്റ്റിൻ ചെഞ്ചട്ടയിൽ, ജ്യോതിർഗമയ കോഡിനേറ്റർ കെ.എം ഷിനോജ്, മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെക്ഡെ ഡോക്ടർമാരായ യോശിദഗൗദ്ധ, സുഭജിത്ത് ദാസ്, കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ ട്രഷറർ കെ.വി സാദിഖ്, മാനന്തവാടി ഗവ.കോളേജ് നെഴ്സിംഗ് ഓഫീസർ പി.കെ ദിവ്യ, മൂസ കൂളിവയൽ, ടി.ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
തലയോട്ടിയിലെ മുഴ, ചെവിയില്ലാത്തവർ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കുമുള്ള പരിശോധനയാണ് നടന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചെയ്ത് കൊടുക്കും. ജില്ലയിൽ ഇതുവരെ നടന്ന 30 ക്യാമ്പുകളിലായി 1334 പേർക്കാണ് സൗജന്യ ശസ്ത്രക്രിയ നൽകിയത്.