തോളത്ത് കൈ വച്ചതിന് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. താന്‍ മുഖത്തടിച്ചു എന്നുപറയുന്ന പ്രവര്ത്തകന് തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടതില്ലെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം.
‘അവനെന്റെ ബന്ധുവാണ്. തോളത്ത് കൈവച്ചപ്പോള്‍ കയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അത് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ്. എല്ലാവരും അതൊരു വലിയ സംഭവമാക്കി എടുത്ത് അവനെ നേതാവാക്കുകയാണ്’. ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.
ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാദമായതോടെ ശിവകുമാറിനെതിരെ പ്രതിഷേധവും വ്യാപകമായി. ‘ഇന്തെന്ത് സ്വഭാവമാണ്? ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്, പക്ഷേ അതിനര്‍ത്ഥം നിങ്ങള്‍ക്കെന്തും ചെയ്യാമെന്നല്ല”, എന്നും ശിവകുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. പാര്‍ട്ടി എം.പിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ പോകുന്ന വഴിയാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം നടക്കുകയായിരുന്ന ശിവ കുമാറിന്റെ തോളില്‍ കൈ വെക്കാന്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ കുമാര്‍ ഇദ്ദേഹത്തെ അടിച്ചത്.