കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായിരിക്കെ, ആർടിപിസിആർ പരിശോധനയ്ക്ക് കാത്തു നിൽക്കാതെ ആന്റിജൻ പരിശോധനയെ ആശ്രയിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശിച്ചു.അടിയന്തര കോവിഡ് പരിശോധന, വീട്ടിൽ ഐസലേഷനിലുള്ള പരിചരണം എന്നിവ കോവിഡ് വ്യാപനം തടയുന്നതിൽ നിർണായകമാണ്. അതുകൊണ്ടു തന്നെ ആന്റിജൻ പരിശോധന നടത്തി സ്വയം നിരീക്ഷണത്തിൽ പോകുന്നതാണു നല്ലത്. വീട്ടിൽ സ്വയം കോവിഡ് പരിശോധനയ്ക്കുള്ള സാധ്യതകളും തേടി വരികയാണെന്ന് ഐസിഎംആർ അറിയിച്ചു.ചുമ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം, ശരീരവേദന, മണവും രുചിയും നഷ്ടമാകൽ, തളർച്ച, വയറിളക്കം എന്നിവയിൽ ഏതെങ്കിലുമുണ്ടെങ്കിൽ (പനി ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഉടൻ കോവിഡ് പരിശോധന നടത്തണമെന്നും ഐസിഎംആർ നിർദേശിച്ചു. സംസ്ഥാനങ്ങൾ നടത്തുന്ന ആകെ പരിശോധനയിൽ 70% ആർടിപിസിആർ ആയിരിക്കണമെന്നായിരുന്നു നേരത്തെ ഐസിഎംആർ മാർഗനിർദേശം.ഒരിക്കൽ കോവിഡ് പോസിറ്റീവായ ആൾ, ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ ആവർത്തിക്കേണ്ടതില്ല. വീട്ടിലെ ഐസലേഷൻ അവസാനിപ്പിക്കാനും ആശുപത്രി വിടാനും പരിശോധന വേണ്ട. ആരോഗ്യമുള്ളവർ അന്തർ സംസ്ഥാന യാത്ര നടത്തുന്നതിനും ആർടിപിസിആർ പരിശോധന ഒഴിവാക്കണം.പ്രത്യേക അക്രഡിറ്റേഷൻ ആവശ്യമില്ലാതെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ പരിശോധനാ സൗകര്യം ഒരുക്കാം. സ്കൂളുകളിലും പൊതുഹാളുകളിലും ആന്റിജൻ പരിശോധന ബൂത്തുകൾ ഒരുക്കാനും സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. രാജ്യത്തു കോവിഡ് സ്ഥിരീകരണ നിരക്ക് 21% മുകളിലാണ്.