ആരുടെയും വ്യക്തിത്വത്തെയും അഭിമാനത്തയും ഹനിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ ഉണ്ടാവരുത്: ഹൈദരലി തങ്ങള്‍

Kerala Malappuram

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങളോ മറ്റ് ഒത്തുചേരലുകളോ നടത്തരുതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.വാരാന്ത്യ ലോക്ഡൗണ്‍, നിരോധനാജ്ഞ തുടങ്ങി അധികൃതര്‍ നടപ്പില്‍ വരുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളുമായും ആത്മാര്‍ത്ഥമായി സഹകരിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷക്കും അനിവാര്യമാണ്. കൊവിഡിന്റെ രണ്ടാം തരംഗം അതീവഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനെതിരായ പ്രതിരോധത്തില്‍ ഓരോ വ്യക്തിയും കുടുംബവും സമര്‍പ്പണ സന്നദ്ധരാവണം. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വേണം.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ആഹ്ലാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം സോഷ്യല്‍ മീഡിയയും മറ്റു വാര്‍ത്താവിനിമയ മാധ്യമങ്ങളും വഴി പ്രകടിപ്പിക്കണം. സൈബര്‍ ഇടങ്ങളിലും അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തണം. ആരുടെയും വ്യക്തിത്വത്തെയും അഭിമാനത്തയും ഹനിക്കുന്ന തരത്തിലും സൗഹൃദാന്തരീക്ഷത്തിന് ഹാനികരമാകുന്ന വിധത്തിലും അഭിപ്രായ പ്രകടനങ്ങളോ പദപ്രയോഗങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *