മാസ്ക് ധരിക്കാത്തതിന് ക്രൂര മർദ്ദനം

Kerala

മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഷണ്ടിംഗ് ഡ്യൂട്ടി ഡ്രൈവർക്ക് സസ്പെൻഷൻ. ഡ്രൈവർ വി.വി ആന്‍റുവിനെ സസ്പെൻഡ് ചെയ്യാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ഉത്തരവിട്ടു. തൃശ്ശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരൻ മാസ്ക് ധരിക്കാതെ സ്റ്റേഷൻ പരിസരത്ത് എത്തിയതെങ്കിലും വിവരം പൊലീസിനെയോ, മേൽ അധികാരിയേയോ അറിയിക്കാതെ അതിന് വിരുദ്ധമായി ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സി.എം.ഡി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.ഇക്കഴിഞ്ഞ 22 ന് രാത്രി 7.30 തിന് ‍ഡിപ്പോ പരിസരത്ത് കണ്ട അതിഥി തൊഴിലാളി മാസ്ക് ധരിക്കാതെ കാണപ്പെട്ടപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ വി.വി ആന്‍റു കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അടിയില്‍ ഇയാളുടെ കൈ പൊട്ടി ചോരയൊലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചോരയൊലിപ്പിച്ച് നിലത്തുകിടന്നയാളുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ട സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിഷേധമുയർത്തിയതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ച പരിക്കേറ്റയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *