ഐ.പി.എല്‍ 13ാം സീസണിലെ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തെ ന്യായീകരിച്ച് ബാംഗ്ലൂര്‍ കോച്ച് സൈമണ്‍ കാറ്റിച്ച്. കോഹ്‌ലിയുടെ പ്രകടനം വെറും നമ്പര്‍ നോക്കി മാത്രം പറയാനാവില്ലെന്നും കോഹ്‌ലി സീസണില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെന്നും കാറ്റിച്ച് പറയുന്നു.
‘ടീമിന്റെ സാഹചര്യത്തില്‍ നിന്നാണ് കോഹ്‌ലിക്ക് ഇത്തരം ഇന്നിംഗ്സുകള്‍ കളിക്കേണ്ടി വന്നത്. കാരണം തനിക്ക് ചുറ്റുമുള്ളവര്‍ വേഗത്തില്‍ പുറത്താകുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തിന് നന്നായി കളിക്കാനാകുക. ഒരിക്കലും സ്‌കോര്‍ബോര്‍ഡ് നോക്കി വിലയിരുത്താനാവില്ല. കോഹ്‌ലി ഈ സീസണില്‍ വളരെ ബെസ്റ്റായിരുന്നു. എന്നാല്‍ പവര്‍പ്ലേക്ക് ശേഷം ക്രീസിലെത്തി, ഇന്നിംഗ്സ് കെട്ടിപ്പടുക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് യു.എ.ഇയിലെ പിച്ചുകള്‍ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ പാദത്തില്‍ വളരെ സ്ലോയാവാനും തുടങ്ങി.’‘ടീമിന് സ്ഥിരതയാര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നു. ഫിഞ്ചും ദേവദത്ത് പടിക്കലും വളരെ നന്നായി തന്നെ കളിച്ചു. ഫിഞ്ച് വലിയ ഇന്നിംഗ്സുകള്‍ കളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇവരുടെ ഓപ്പണിംഗ് നന്നായത് കൊണ്ട് കോഹ്‌ലി പലപ്പോഴും പവര്‍പ്ലേക്ക് ശേഷമാണ് ക്രീസിലെത്തിയത്. അതിന് ശേഷം കളിക്കുക ബുദ്ധിമുട്ടാണ്. അത് കോഹ്‌ലിക്ക് വലിയ വെല്ലുവിളിയായിരുന്നു.’ സൈമണ്‍ കാറ്റിച്ച് പറഞ്ഞു.അതേസമയം ടീമിന്റെ ക്യാപ്റ്റനായി കോഹ്‌ലി തന്നെ തുടരണമെന്നും കാറ്റിച്ച പറഞ്ഞു. വളരെ പ്രൊഫഷണലായ ക്യാപ്റ്റനാണ് കോഹ്‌ലിയെന്നും ടീം അദ്ദേഹത്തെ വലിയ രീതിയില്‍ ബഹുമാനിക്കുന്നുണ്ടെന്നും കാറ്റിച്ച് പറഞ്ഞു. 15 മത്സരങ്ങളില്‍ നിന്ന് 466 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.