സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സിയും ഉത്സവബത്തയും;മോഹ വാഗ്ദാനങ്ങളുമായി കേന്ദ്രം

National

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്.  പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക.

മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്‌ക്കേണ്ടത്.ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.

വൈകീട്ട് നടക്കുന്ന ജിഎസ്ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെയാകും ലീവ് എന്‍കാഷ്‌മെന്റായി നല്‍കുക. ഈതുകയ്ക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങള്‍ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റല്‍ പണമിടപാടുമാത്രമാണ് ഇതിനായി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.നാലുവര്‍ഷം ഒരുബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി)അനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *