ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു എന്ന ആക്ഷേപത്തിനിടെ മറ്റൊരു ബലാത്സംഗ കേസ് കൂടി പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ മറ്റൊരു നേതാവിനെതിരെയാണ് ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്.
ഒരു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയ യുവ മോർച്ച വൈസ് പ്രസിഡന്റ് ശ്യാം പ്രകാശ് ദ്വിവേദിയെ പ്രയാഗ്രാജ് പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തു .യുവ മോർച്ചയുടെ കാശി പ്രാന്ത് അഥവാ വാരണാസി യൂണിറ്റ് നേതാവിനെ ബക്ഷി ഡാമിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി അനിൽ ദ്വിവേദി ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ശ്യാം പ്രകാശ് ദ്വിവേദിയും അനിൽ ദ്വിവേദിയും ചേർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തതായി ബി.എ വിദ്യാർത്ഥിനി ആരോപിച്ചിരുന്നു.
പ്രതി തന്റെ ഹോട്ടലിലേക്ക് തന്നെ കൊണ്ടുപോയി സുഹൃത്തിനൊപ്പം ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടതായി വാർത്താ ഏജൻസി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ വൈദ്യപരിശോധനയും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ മൊഴിയും രേഖപ്പെടുത്തി.