”നേരിട്ടറിയാത്ത, കണ്ടിട്ടില്ലാത്ത ഒരു വയോധികയ്ക്ക് വേണ്ടി 4 വർഷത്തെ പോരാട്ടം; ഒടുവിൽ ഉത്തരേന്ത്യയിൽ നിന്നും നീതിയുടെ ഒരു ആശ്വാസ വാർത്ത”

National

നേരിട്ടറിയാത്ത, കണ്ടിട്ടില്ലാത്ത ഒരു വയോധികയ്ക്ക് വേണ്ടി 4 വർഷത്തെ പോരാട്ടം; ഒടുവിൽ ഉത്തരേന്ത്യയിൽ നിന്നും നീതിയുടെ ഒരു ആശ്വാസ വാർത്ത..

വയോധികയും രോഗിയുമായി സ്ത്രീക്ക് തറയിൽ ഭക്ഷണം നൽകിയ സംഭവം ; നീതി ഉറപ്പാക്കി ഹൈക്കോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ❤️ ഇന്നത്തെ സിറ്റിങ്ങിൽ കേസ് അവസാനിപ്പിച്ചതായി അൽപം മുൻപ് അറിയിപ്പ് ലഭിച്ചു.

കാതങ്ങൾക്കപ്പുറം ഏതോ ഒരു നാട്ടിൽ, നേരിട്ടറിയാത്ത മാതൃ തുല്യയായ ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന അങ്ങേയറ്റത്തെ ക്രൂരത ഹൈക്കോടതിയുടെയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും മുൻപാകെ കൊണ്ടുവരാനും 4 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭ്യമാക്കാനും സാധിച്ചു എന്നതിൽ ഏറെ ചാരുതർഥ്യവും, അഭിമാനവുമുണ്ട്.

സൈബർ ലോകത്തെ അഭിനവ വിപ്ലവകാരികളുടെ കേവല മുതലക്കണ്ണീരൊഴുക്കലിനുമപ്പുറം അടിസ്ഥാന നീതിക്കായി പോരാടി ജയിക്കാൻ സാധിച്ചു എന്നത് അശരണർക്കും, സാധാരണക്കാർക്കുമെതിരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കും ക്രൂരതകൾക്കുമെതിരെ പോരാടാനുള്ള ഊർജ്ജം നൽകുന്നു….

തൊട്ടതിനും പിടിച്ചതിനുമെല്ലാം താങ്കൾ വെറുതേ പരാതികൾ നൽകുന്നു….
ഒന്നും സംഭവിക്കില്ല എന്നൊക്കെ പരിഹസിക്കുന്നവരുടെയും, ഫെയിസ്ബുക്ക് പോസ്റ്റുകളിലൂടെ മാത്രം കീബോർഡ് വിപ്ലവം നടത്തുന്നവർക്കും മൂന്ന് വർഷങ്ങൾ നീണ്ട ഈ പോരാട്ടം സമർപ്പിക്കുന്നു.

സദാചാര ഇരയായ അട്ടപ്പാടിയിലെ മധുവിനും, സ്വന്തം ഭാര്യയയുടെ മൃദദേഹം ചുമക്കേണ്ടിവന്ന ഒഡിഷയിലെ ചാലിയും, നെഞ്ചിൽ ചപ്പാകുത്തേണ്ടിവന്ന ദളിതരും, കൊച്ചിയിൽ പോലീസ് പീഡനമേൽക്കേണ്ടി വന്ന സ്ത്രീകളും, മാധ്യമ വിചാരണ നേരിടേണ്ടി വന്ന ദിലീപും, ചരിത്രപരമായ നീതിനിഷേധം നേരിടുന്ന അബ്ദുൽ നാസർ മദനിയും, നിലമ്പൂരിലെ മനുഷ്യ ഡോക്ടറും, ചോലനായിക്കരുടെ രക്തം കടത്തലും, മാനന്തവാടിയിലെ ഊരു വിലക്കും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത എന്റെ പരാതികൾ അങ് ഡൽഹിയിലെ രാഷ്ട്രപതിഭവൻ മുതലുള്ള വിവിധ ആപ്പീലുകളിൽ നീതിക്കായുള്ള മോക്ഷവും കാത്ത് കിടക്കുന്നുണ്ട്….പല കേസുകളിലും നീതി നടപ്പാക്കുമെന്ന് ഉറപ്പായിരുന്നു എന്നതാണ്‌ ഇന്ത്യൻ നിയമവ്യവസ്ഥയിലുള്ള ഉറവ വറ്റാത്ത പ്രതീക്ഷ…

സൈബർ പോരാളികൾക്കും സുഹൃത്തുക്കൾക്ക് ഓർമ്മയുണ്ടോ എന്നെനിക്കോർമ്മയില്ല…,
ഒരുപാട് വിഷയങ്ങളിങ്ങനെ കയറിയിറങ്ങി പോകുന്നതല്ലേ..

4 വർഷങ്ങൾക്ക് മുൻപ് നടന്ന അജി ദാരുണ സംഭവം.കയ്യിൽ ഗുരുതര പരിക്കുമായി ജാർഖണ്ഡിലെ റാഞ്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയായ സ്ത്രീക്ക് വാർഡിലെ വൃത്തിഹീനമായ തറയിൽ ഭക്ഷണം നൽകിയ അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവത്തിൽ മൂന്നു വർഷങ്ങൾക്ക് മുൻപ് നൽകിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനെ അറിയിക്കുകയും പ്രസ്തുത പരാതി ബഹു ജാർഖണ്ഡ് ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ സ്വീകരിച്ച പൊതുതാത്പര്യ ഹർജിയിൽ ചേർക്കുകയും ചെയ്തിരുന്നു.

ബഹു ഹൈക്കോടതി നിർദേശപ്രകാരം അടിയന്തര തുടർ നടപടികൾക്കായി വിവിധ വകുപ്പുകളോട് ചർച്ചകൾ നടത്താനും നടപടികൾ എടുത്ത് കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുകയും സംസ്ഥാന ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവർത്തിച്ചുള്ള നിർദേശങ്ങൾക്ക് ശേഷവും റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കമ്മീഷൻ കടുത്ത അമർഷം രേഖപ്പെടുത്തുകയും ഒക്ടോബർ 23 നു പരിഗണിച്ചപ്പോൾ സർക്കാരിന് അന്തിമ നിർദേശം നൽകുകയും ചെയ്തു.

നാല് ആഴ്ചകൾക്കുള്ളിൽ വിശദീകരണം സഹിതം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ 1993ലെ മനുഷ്യവകാശ സംരക്ഷണ നിയമ പ്രകാരം ബന്ധപ്പെട്ട അധികാരികൾക്ക് സമൻസ് അയച്ച് വിളിപ്പിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഉത്തരവിട്ടതിന് ശേഷം ജാർഖണ്ഡ് ആരോഗ്യവകുപ്പ് സെക്രട്ടറി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

പ്രസ്‌തുത റിപ്പോർട്ടിൽ ഇരയായ സ്ത്രീക്ക് വിദഗ്ധ ചികിത്സ നൽകി വരുന്നതായും, അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രസ്തുത റിപ്പോർട്ട് പരിഗണിച്ച ശേഷം വീണ്ടും ഹൈക്കോടതി വിധിയനുസരിച്ചുള്ള നടപടികൾ കൈക്കൊണ്ട ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആരോധ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ വീണ്ടും നിർദേശം നൽകിയിരുന്നു.

ഇരയായ വയോധികയ്ക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തി. ഭക്ഷണവും, താമസവും ഉൾപ്പെടെ എല്ലാ സഹായങ്ങളും ചെയ്ത് നൽകാൻ സാധിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുക എന്ന പരാതിയിൽ ഉന്നയിച്ച ആവശ്യങ്ങളിലും നടപടിയുണ്ടാകുമെന്ന് സർക്കാർ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

2016 സെപ്തംബർ 22 നാണു പൽമതി ദേവി എന്ന വയോധികയായ സ്ത്രീയെ കൈകൾക്ക് ഗുരുതര പരിക്കുകളുമായി റാഞ്ചി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കൈകൾക്ക് പ്ലാസ്റ്ററിട്ട ശേഷം ആശുപത്രിയയിൽ അഡ്മിറ്റ് ആയിരുന്നു. ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ ആദ്യം നൽകാതിരുന്ന ആശുപത്രി അധികൃതർ പിന്നീട് നിരവധി ആളുകൾ നടക്കുകയും തുപ്പുകയും ചെയ്യുന്ന ആശുപത്രിയുടെ വരാന്തതയിലെ തറയിൽ ചോറും പരിപ്പ് കറിയും ഒഴിച്ച് നൽകുകയായിരുന്നു. ദൃക്‌സാക്ഷികൾ സംഭവത്തിന്റ ചിത്രങ്ങൾ പകർത്തിയതോടെയാണ് ഈ ക്രൂര കൃത്യം പുറംലോകം അറിയുന്നത്. പ്ളേറ്റുകളില്ലാത്തതിനാണ് അങ്ങനെ ഭക്ഷണം നൽകിയതെന്ന ആശുപത്രി അധികൃതരുടെ വാദം കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

ഈ വാർത്തയെ തുടർന്നാണ് സംഭവത്തിലെ കടുത്ത മനുഷ്യാവക്ഷ ലംഘനം ചൂണ്ടികാണിച്ചു ഞാൻ ദേശീയ മനുഷ്യവകാശ കമ്മീഷനെ സമീപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി അധികൃതർക്കെതിരെ ക്രിമിനൽ കേസെടുത്ത് ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും ഇരയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിയുടെ ഉന്നയിച്ചു. ഇക്കാര്യമാണ് കമ്മീഷൻ ഇപ്പോൾ പരിഗണിക്കുകയും തീർപ്പാക്കി ഇന്ന് അൽപം മുമ്പ് അറിയിക്കുകയും ചെയ്തത്..

ആ അമ്മയെ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹം ബാക്കിയുണ്ട് ❤️

മനുഷ്യത്വത്തിനു മദമിളകിയ നരാധമന്മാരുടെ നാട്ടിൽ മനഃസാക്ഷിയുള്ളവർക്ക് ജീവിതം അസഹനീയമാകുന്നു…

അഡ്വ ശ്രീജിത്ത് പെരുമന

Leave a Reply

Your email address will not be published. Required fields are marked *