ശബരിമല സ്വര്‍ണക്കൊള്ള; സന്നിധാനത്ത് നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകള്‍ ജംഷെഡ്പൂരിലേക്ക് അയക്കും

General

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്തെ എസ്‌ഐടിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. വിവാദ സ്വര്‍ണപ്പാളികളില്‍ നിന്നും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും ശേഖരിച്ച സാംപിള്‍ ശാസ്ത്രീയ പരിശോധനക്കായി ജാംഷെഡ്പൂരിലേക്ക് അയക്കും. എസ്‌ഐടി അന്വേഷണം അന്തിമഘട്ടത്തിലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

സാന്നിധാനത്തെ ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ നിന്നാണ് പ്രധാനമായും അന്വേഷണ സംഘം സാമ്പിളുകള്‍ ശേഖരിച്ചത്. വലിയ ഭാഗങ്ങളാണ് സ്വര്‍ണപ്പാളികളില്‍ നിന്ന് മുറിച്ചത്. ഓരോ പാളികളില്‍ നിന്നും മൂന്ന് സാമ്പിളുകള്‍ വീതം ശേഖരിച്ചു. പരിശോധന രണ്ടു ദിവസം നീണ്ടുനിന്നു. പാളികളിലെ സ്വര്‍ണത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനോടൊപ്പം അവയുടെ കാലപ്പഴക്കം ശാസ്ത്രീയമായി നിര്‍ണയിക്കുക എന്നതാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം.

സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്കായി ജംഷെഡ്പൂരിലേക്ക് അയക്കും. ജംഷെഡ്പൂരിലെ സിഎസ്‌ഐആര്‍ ലാബിലാണ് പരിശോധന. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. നേരത്തെ വി എസ് എസ് സിയില്‍ പരിശോധന നടത്തിയെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല. ശാസ്ത്രീയ പരിശോധനയുടെ റിസള്‍ട്ട് വരുന്ന മുറയ്ക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം.സ്വര്‍ണപ്പാളിയുടെ അളവിലും തൂക്കത്തിലും അന്വേഷണ സംഘത്തിന് ചില സംശയങ്ങള്‍ ഉണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *