പ്രയാഗ്‌രാജ്: ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്ത ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷ ഒരു അവകാശമായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഏപ്രില്‍ 4 ന് പുറപ്പെടുവിച്ച വിധിയില്‍ ആണ് സുപ്രധാന നിരീക്ഷണങ്ങളുള്ളത്.
ശ്രേയ കേസര്‍വാനി എന്ന യുവതിയും ഭര്‍ത്താവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഇവരുടെ ഭാഗം കേട്ട ഹൈക്കോടതി ഇരുവര്‍ക്കും സംരക്ഷണം നല്‍കേണ്ട തരത്തില്‍ ഭീഷണിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഹര്‍ജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന നിഗമനത്തില്‍ എത്താന്‍ ആവശ്യമായ ഒരു വസ്തുതയും നിലവില്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ പ്രതികരണം. ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ല. ഇരുവരും പരസ്പരം പിന്തുണയ്ച്ച് ജീവിക്കാനും സമൂഹത്തെ നേരിടാനും പഠിക്കണം എന്നും കോടതി ഉപദേശിച്ചു. ഹര്‍ജിക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന പ്രതികള്‍ ഇവരുടെ ജീവിതത്തില്‍ ഇടപെടരുത് എന്നും കോടതി നിര്‍ദേശിച്ചു.
ഹര്‍ജിയില്‍ പറയുന്ന ബന്ധുക്കള്‍ മാനസികമായോ ശാരീരികമായോ പരാതിക്കാരുടെ ജീവിതത്തില്‍ ഇടപെടുമെന്ന് കരുതുന്ന ഒരു സാഹചര്യം പോലും മുന്നിലുണ്ടെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ‘ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാന്‍ തീരുമാനിച്ച യുവതി-യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചിത്രകൂട് പൊലീസ് സൂപ്രണ്ടിന് ഹര്‍ജിക്കാര്‍ ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ജികാര്‍ക്ക് ഭീഷണിയാകുന്ന സാഹചര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് നിയമപ്രകാരം ആവശ്യമായ പിന്തുണ നല്‍കണമെന്നും കോടതി വ്യക്തമാക്കി.