കഞ്ചാവ് വേട്ടയില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവും; കെ എസ് യു കുടുക്കിയതെന്ന് ആരോപണം

General

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായവരില്‍ എസ്എഫ്‌ഐ നേതാവായ കോളജ് യൂണിയന്‍ സെക്രട്ടറിയും. കോളജ് യൂണിയന്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഭിരാജ് (21), മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോയോളം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.

ആകാശിന്റെ മുറിയില്‍ നിന്നും 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അഭിരാജ്, ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കേസില്‍ തന്നെ കുടുക്കിയതാണെന്നാണ് എസ്എഫ്‌ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് പറയുന്നത്.

ശനിയാഴ്ച ക്യാമ്പസില്‍ എസ്എഫ്‌ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു. ക്യാമ്പസില്‍ പുറത്തു നിന്നും ആളുകള്‍ പ്രവേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പുറത്തു നിന്നു വന്ന ആരോ ആണ്, തങ്ങളെ കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ മുറിയില്‍ കഞ്ചാവ് വെച്ചതെന്നാണ് അഭിരാജ് പറയുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നും അഭിരാജ് പറയുന്നു. അഭിരാജിന് കഞ്ചാവോ മറ്റു ദുശ്ശീലങ്ങളോ ഒന്നും ഇല്ലെന്ന് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ദേവരാജ് പറഞ്ഞു. കഞ്ചാവ് കൊണ്ടുവെച്ചതിന് പിന്നില്‍ കെഎസ് യുക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

പോളിടെക്‌നിക് ക്യാമ്പസിനകത്തു നിന്നും കഞ്ചാവ് പിടികൂടിയത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് ഹോളി ആഘോഷം നടക്കാനിരിക്കെ, മുന്‍കരുതല്‍ എന്ന നിലയില്‍ നടന്ന റെയ്ഡാണ്. എല്ലാദിവസവും ഇത്രയധികം അളവില്‍ കഞ്ചാവ് ലഭിച്ചതായിട്ടൊന്നുമില്ല. ചെറിയ അളവില്‍ സാധാരണ ക്യാമ്പസില്‍ കാണുന്നതുപോലെ ഇവിടെ കാണാറുണ്ടെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് എടുത്തത് ക്രിയാത്മകമായ നടപടിയാണ്. ഹോസ്റ്റലില്‍ രണ്ട് റസിഡന്റ് ട്യൂട്ടര്‍മാരുണ്ട്. അവര്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ഹോസ്റ്റലില്‍ പുറത്തു നിന്ന് ആരെങ്കിലും താമസിക്കുന്നതായി കോളജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒരു വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും കഞ്ചാവ് പിടിച്ചു എന്നതുകൊണ്ട് യൂണിയനോ, ഏതെങ്കിലും സംഘടനയ്‌ക്കോ അതില്‍ പങ്കുണ്ടെന്ന് കരുതാനാവില്ല എന്നും പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറഞ്ഞു.

പോളിടെക്‌നികിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഞ്ചാവ് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി പൊലീസും ഡാന്‍സാഫും റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 2 കിലോ കഞ്ചാവ്, മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍, കഞ്ചാവ് തൂക്കാനുള്ള ത്രാസ്, വില്‍പ്പനയ്ക്കായുള്ള ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്. തങ്ങളെത്തുമ്പോള്‍ ചില്ലറ വില്‍പ്പനയ്ക്കായി കഞ്ചാവ് തൂക്കി ചെറിയ പായ്ക്കറ്റുകളിലാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *