അതിഥി തൊഴിലാളിക്കു താമസിക്കാന്‍ പട്ടിക്കൂട്, വാടക 500 രൂപ!

General

കൊച്ചി: പിറവത്ത് അതിഥിത്തൊഴിലാളിയെ അഞ്ഞൂറ് രൂപ വാടകയില്‍ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ തൊഴിലാളി ശ്യാംസുന്ദര്‍ (37) ആണ് പട്ടിക്കൂട്ടില്‍ വാടകയ്ക്ക് കഴിഞ്ഞത്. പിറവം പെരുവ റോഡില്‍ പിറവം പൊലീസ് സ്‌റ്റേഷനും പുരത്തറക്കുളത്തിനുമടുത്തുള്ള വീട്ടിലാണ് സംഭവം.

ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള വിശാലമായ പട്ടിക്കൂട്ടിലാണ് ശ്യാംസുന്ദര്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. താമസിക്കാന്‍ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണു ശ്യാം സുന്ദര്‍ പറയുന്നത്. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുമുണ്ട്. വീട്ടുടമയുടെ വീടിനോട് ചേര്‍ന്നാണ് പട്ടിക്കൂട്.

സ്വകാര്യ വ്യക്തി റോഡിന് മറുവശത്ത് പുതിയ വീട് നിര്‍മിച്ച് താമസമാക്കിയതോടെ പഴയ വീട് വീട്ടുടമ വാടകയ്ക്ക് നല്‍കി. അതിഥിത്തൊഴിലാളികളടക്കം രണ്ട് കുടുംബങ്ങള്‍ പഴയ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്യാംസുന്ദര്‍ പട്ടിക്കൂട്ടില്‍ താമസിക്കുന്ന വിവരം നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിറവം നഗരസഭാധികൃതരും പൊലീസും സ്ഥലത്തെത്തി.

പൊലീസ് ശ്യാംസുന്ദറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ശ്യാംസുന്ദര്‍ സ്വന്തം ഇഷ്ടപ്രകാരം സൗകര്യമുള്ള സ്ഥലത്ത് താമസിച്ചതിന് എന്ത് നടപടിയെടുക്കുമെന്ന ആലോചനയിലാണ് പൊലീസ്.

ശ്യാംസുന്ദറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തുവെങ്കിലും ആരുടെയും പേരില്‍ കേസെടുത്തിട്ടില്ല. സംഭവം വിവാദമായതോടെ പൊലീസും ജനപ്രതിനിധികളും ചേര്‍ന്ന് ശ്യാംസുന്ദറിനെ ഭാര്യാസഹോദരന്‍ താമസിച്ചിരുന്ന പിറവം ടൗണിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി. നാലുവര്‍ഷമായി ശ്യാം സുന്ദര്‍ കേരളത്തിലെത്തിയിട്ട്.

Leave a Reply

Your email address will not be published. Required fields are marked *