എഫ്‌ഐആര്‍ ഇല്ലാതെ പൊലീസ് വീട്ടില്‍ കയറി, സ്ത്രീകള്‍ക്കു നേരെ കൈയേറ്റം, ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

Kerala

ചെന്നൈ: എഫ്‌ഐആറും മുന്നറിയിപ്പുകളുമില്ലാതെ പൊലീസ് വീട്ടില്‍ക്കയറി സ്ത്രീകളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് മനുഷ്യാവകാശ കമ്മീഷന്‍. കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് തുക പിരിച്ചെടുത്തു നല്‍കാനാണ് തമിഴ്നാട് സര്‍ക്കാരിന് നല്‍കിയിട്ടുള്ള നിര്‍ദേശം. പൊലീസ് ഒഴിഞ്ഞുമാറിയ കേസില്‍ 11 വര്‍ഷത്തിനുശേഷമാണ് മനുഷ്യാവകാശ കമ്മീഷനില്‍നിന്ന് വാസുകിക്ക് നീതി ലഭിക്കുന്നത്.

ചെന്നൈ ബസന്റ് നഗറില്‍ താമസിക്കുന്ന വാസുകിയാണ് പരാതി നല്‍കിയത്. 2013 ജൂലായ് 11-നാണ് കേസിനാസ്പദമായ സംഭവം. നാല് പൊലീസുകാര്‍ പുലര്‍ച്ചെ അഞ്ചോടെ മതില്‍ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കടന്നു. അന്ന് നെതര്‍ലന്‍ഡ്‌സില്‍ ശാസ്ത്രജ്ഞനായി ജോലിചെയ്യുകയായിരുന്നു വാസുകിയുടെ ഭര്‍ത്താവ് രാജഗോപാല്‍. സ്വത്തുകേസില്‍ രാജഗോപാലിനെ ചോദ്യംചെയ്യാനാണെന്നു പറഞ്ഞാണ് പൊലീസുകാര്‍ എത്തിയത്. വീട്ടില്‍ കയറിയ പൊലീസുകാര്‍ വാസുകിയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും മര്‍ദിക്കുകയായിരുന്നു.

സംഭവ സമയത്ത് സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ് രാജശേഖരന്‍, എസ് ഇസ്മയില്‍ എന്നിവരില്‍നിന്ന് 50,000 രൂപ വീതവും ഹെഡ് കോണ്‍സ്റ്റബിള്‍മാരായിരുന്ന പത്മനാഭന്‍, എല്‍ ഉമാശങ്കര്‍ എന്നിവരില്‍ നിന്ന് 25,000 രൂപ വീതവും തിരിച്ചുപിടിച്ച് വാസുകിക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി കണ്ണദാസന്‍ ശുപാര്‍ശ ചെയ്തത്. അഞ്ചാം പ്രതിയാക്കിയിരുന്ന റിട്ട. ഡിഎസ്പി ധര്‍മലിംഗത്തിന്റെ പേരിലുണ്ടായിരുന്ന പരാതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *