തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെയ്ത് ഒരു മാസം തികഞ്ഞതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററിൽ എത്തിയത്. കൂടെ എത്തിയ വമ്പൻമാരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. യുവാക്കൾ ചിത്രം ഏറ്റെടുത്തതോടെ തിയറ്ററിൽ വൻ ആവേശം തീർത്തു. ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഒടിടി റിലീസ് പ്രഖ്യാപിച്ചത് ഒരുവിഭാഗം ആരാധകരെ നിരാശയിലാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രം 150 കോടി ക്ലബ്ബിൽ ഇടംനേടിയത്. ഫഹദ് ഫാസിലിന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം കൂടിയാണ് ആവേശം. അധോലോക നായകനായ രംഗ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. സജിൻ ഗോപു, മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്.
കേരളത്തിൽ നിന്ന് മാത്രം 66 കോടിയാണ് ചിത്രം നേടിയത്. കർണാടക–തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം വാരി. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.