ന്യൂഡല്‍ഹി: രാജ്യത്തെ പ്രത്യക്ഷനികുതി പിരിവില്‍ കുതിപ്പ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി പിരിവില്‍ 17.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 19.58 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി ലഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. പുതുക്കിയ ബജറ്റ് ലക്ഷ്യത്തേക്കാള്‍ 13000 കോടി രൂപ അധികമാണ് പിരിഞ്ഞുകിട്ടിയത്.
റീഫണ്ട് ഒഴിവാക്കിയാല്‍ മൊത്തം നികുതി പിരിവ് 23.37 ലക്ഷം കോടി രൂപ വരും. 18.48 ശതമാനത്തിന്റെ വര്‍ധന. റീഫണ്ട് കിഴിച്ച ശേഷമുള്ള വര്‍ധനയാണ് 17.7 ശതമാനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16.64 ലക്ഷം കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്.
വ്യക്തിഗത ആദായനികുതി പരിവില്‍ ഉണ്ടായ വര്‍ധനയാണ് പ്രത്യക്ഷ നികുതി വരുമാനത്തില്‍ പ്രതിഫലിച്ചത്. പ്രത്യക്ഷ നികുതി പിരിവില്‍ വ്യക്തിഗത ആദായനികുതി വിഹിതം 53.3 ശതമാനമായാണ് ഉയര്‍ന്നത്. 2022-23ല്‍ 50.06 ശതമാനം മാത്രമായിരുന്നു.
അതേസമയം കോര്‍പ്പറേറ്റ് നികുതി വിഹിതം കുറഞ്ഞു. 49.6 ശതമാനത്തില്‍ നിന്ന് 46.5 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പ്പറേറ്റ് നികുതിയായി പിരിഞ്ഞുകിട്ടിയത് 9.11 ലക്ഷം കോടി രൂപയാണ്. 10.26 കോടിയുടെ വളര്‍ച്ചയാണ് നേടിയത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇത് 8.26 ലക്ഷം കോടി രൂപ മാത്രമായിരുന്നു.