ക്യാന്‍സലേഷന്‍ ചാര്‍ജും മടക്കി നല്‍കും; ദുബൈയിലേക്കും ടെല്‍അവീവിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ഇന്ത്യ

Kerala

ന്യൂഡല്‍ഹി: ദുബൈയിലേക്കും ഇസ്രയേലിലെ ടെല്‍ അവീവിലേക്കുമുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. കനത്തമഴയില്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് മടങ്ങിവരാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദുബൈയിലേക്കും ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ ഏപ്രില്‍ 21 വരെ നിര്‍ത്തിവെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.

ഈ ദിവസങ്ങളിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇവര്‍ക്ക് മറ്റൊരു ദിവസത്തേയ്ക്ക് യാത്ര റീഷെഡ്യൂള്‍ ചെയ്യുന്നതിന് ഒറ്റത്തവണ ഇളവ് നല്‍കും. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ പണവും റീഫണ്ടായി തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കനത്തമഴയെ തുടര്‍ന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ദുബൈയിലേക്കും തിരിച്ചുമുള്ള 1200 സര്‍വീസുകളാണ് എയര്‍ഇന്ത്യ റദ്ദാക്കിയത്. 41 സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ താത്കാലികമായി നിര്‍ത്തിവെച്ചത്. ഈ മാസം 30 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ഇക്കാലയളവില്‍ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കായി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് റീഷെഡ്യൂളിങ്ങിലും ക്യാന്‍സലേഷന്‍ ചാര്‍ജിലും ഒറ്റത്തവണ ഇളവ് അനുവദിച്ചതായും എയര്‍ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *