ഒരു ഡോളറിന് 83.51; രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്, തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം

Kerala

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്. വിനിമയത്തിനിടെ 83.51 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.45 എന്ന റെക്കോര്‍ഡ് ഇടിവ് ആണ് ഇന്ന് പഴങ്കഥയായത്.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇതിന് പുറമേ പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ സമയമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ ബാധിച്ചു. ശക്തിയാര്‍ജ്ജിച്ച ഡോളര്‍ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മറ്റു ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതും രൂപയെ സ്വാധീനിച്ചതായി വിദഗ്ധര്‍ പറയുന്നു.

അതിനിടെ തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്നെയാണ് വിപണിയെ സ്വാധീനിക്കുന്നത്. 74,000 കടന്ന് മുന്നേറിയ സെന്‍സെക്‌സ് നഷ്ടം നേരിട്ട് തുടങ്ങിയതോടെ 73,000ലേക്ക് അടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *