തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷം. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.
പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെൻഷൻ പോലും കിട്ടാതെ വലയുന്നത്. ഇതെടുത്ത് പറഞ്ഞാണ് പ്രതിപക്ഷ വിമർശനം. ചെലവിന്റെ ആദ്യകണക്ക് 27 കോടി. അന്തിമകണക്ക് വരമ്പോൾ ഇത് കുതിച്ചുയരുമെന്നുറപ്പ്. അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഗവർണ്ണർ പോലും ഏറ്റെടുത്തിട്ടും സർക്കാറിന് കുലുക്കമുണ്ടായിരുന്നില്ല.
കേരളീയം വേദി കൂടിയായ മാനവീയത്ത് നൈറ്റ് ലൈഫ് ആഘോഷത്തിനിടെ കൂട്ടയടിയുണ്ടായതും നാണക്കേടുണ്ടാക്കി.പക്ഷെ വിമർശനങ്ങൾക്കൊന്നും സർക്കാർ ചെവികൊടുക്കുന്നില്ല. അടുത്ത കൊല്ലവും കേരളീയ തുടരാനാണ് സർക്കാർ തീരുമാനം. പണമില്ലാതെ ജനം വലയുമ്പോൾ ലക്ഷങ്ങൾ പൊടിച്ചാണോ കേരള ബ്രാൻഡ് പ്രചരിപ്പിക്കേണ്ടതെന്ന ചോദ്യമാണ് കൊടിയിറങ്ങുമ്പോൾ പ്രധാനമായും ഉയരുന്നത്.