81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്

Wayanad

81 കോടി 15 ലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ അടക്കമുളള ഡാറ്റാ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശേഖരിച്ച വിവരങ്ങളാണ് ചോര്‍ന്നത്. ഇവ ഡാര്‍ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നതായി യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റി വെളിപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിതെന്നാണ് സൂചന.

വ്യക്തികളുടെ പേര്, ആധാര്‍, പാസ്പോര്‍ട്ട് വിവരം, ഫോണ്‍ നമ്പര്‍, വിലാസം, പ്രായം, ജെന്‍ഡര്‍, രക്ഷിതാവിന്റെ പേര്, എന്നിവയടക്കമുളള വിവരങ്ങളാണ് ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 81 കോടി 15 ലക്ഷം ഇന്ത്യക്കാരുടെ ഇത്തരം വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് സൈബര്‍ സുരക്ഷാ ഏജന്‍സിയായ റീസെക്യൂരിറ്റിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശേഖരിച്ച വിവരങ്ങളാണിവയെന്ന് സംശയിക്കുന്നു. ചോര്‍ന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘pwn0001’ എന്ന ഹാക്കറാണ് പൊതു ജനശ്രദ്ധയില്‍ പെടുത്തിയത്.

ഐസിഎംആര്‍ ശേഖരിച്ച വിവരങ്ങളാണ് ചോര്‍ന്നതെന്ന് ഹാക്കര്‍ അവകാശപ്പെടുന്നു. കേരളത്തിലെ നിരവധി പേരുടെ വിവരങ്ങളും ചോര്‍ന്നതായി സ്‌ക്രീന്‍ ഷോട്ടുകളില്‍ വ്യക്തമാണ്. ഈ വിവരശേഖരത്തിന് 80000 യുഎസ് ഡോളര്‍ അതായത്, ഏകദേശം 66.61 ലക്ഷം രൂപ വിലയിട്ടിരുന്നതായും പറയുന്നു. ഐടി മന്ത്രാലയത്തിന് കീഴിലുളള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഐസിഎംആറിനെ വിവരമറിയിച്ചിട്ടുണ്ട്. സംഭത്തില്‍ സിബിഐ അന്വേഷണവും ആരംഭിച്ചതായാണ് വിവരം. 2022 നവംബര്‍ 30ന് ഐസിഎംആറിന് നേരെ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. 24 മണിക്കൂറിനുളളില്‍ ആറായിരത്തോളം ഹാക്കിംഗ് നടന്നതായാണ് വിവരം.ഹോങ്കോങ്ങില്‍ നിന്നും കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു ഐപി വിലാസം വഴിയാണ് ആക്രമണമുണ്ടായത്. കോവിഡ് വാക്സിന്‍ എടുക്കാനായി കോവിഡ് പോര്‍ട്ടലില്‍ നല്‍കിയ വിവരങ്ങള്‍ ആര്‍ക്കും എടുക്കാവുന്ന രീതിയില്‍ ടെലിഗ്രാം ആപ്പില്‍ ലഭ്യമായതും വലിയ വിവാദമായിരുന്നു. എന്നാല്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഈ വര്‍ഷമാദ്യം ഹാക്കര്‍മാര്‍ ദില്ലി എയിംസിന്റെ സെര്‍വറുകള്‍ ഹാക്ക് ചെയ്യുകയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ടിബിയില്‍ അധികം ഡാറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *