ദില്ലി:രാജ്യത്ത് സവാള വില കുത്തനെ കൂടുന്നു.പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന
നവരാത്രി ആഘോഷങ്ങൾക്ക് ശേഷമാണ് ഉത്തരേന്ത്യയിൽ വിപണിയില്‍ സവാള വില കുതിച്ചുയരുന്നത്. ഒരാഴ്ച മുൻപ് ചില്ലറ വില്‍പനയില്‍ കിലോക്ക് ഇരുപത് മുതൽ മുപ്പത് വരെയായിരുന്നു വില. ഇപ്പോൾ ഇത് നൂറിലേക്ക്. മൊത്ത കച്ചവടം നടക്കുന്ന ദില്ലി ഗാസിപ്പൂർ മാർക്കറ്റ് 5 കിലോ സവാളയ്ക്ക് 350 രൂപയാണ് ഇപ്പോൾ വില. രണ്ടാഴ്ച്ച മുൻപ് ഇത് 200 രൂപ മാത്രം. വില കൂടിയതോടെ ചെറുകിട കച്ചവടക്കാരും കുടുങ്ങിയ സാഹചര്യം .നേരത്തെ ഉത്തരേന്ത്യയിൽ തക്കാളിക്ക് വില കൂടിയത് സാധാരണക്കാർക്ക് വലിയ ഇരുട്ടടി ആയിരുന്നു. ഇപ്പോൾ സവാള വില കൂടുന്നതിന്‍റെ അമർഷം ആളുകൾ മറച്ചു വെക്കുന്നില്ല
കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതും പുതിയ സ്റ്റോക്ക് വിപണിയിൽ എത്താൻ വൈകുന്നതുമാണ് പ്രതിസന്ധിയാകുന്നത്. ബഫർസ്റ്റോക്കിൽ നിന്ന് സവാള വിപണയിലേക്ക് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് കേന്ദ്രം വിശദീകരിക്കുന്നു. ഒപ്പം പുഴ്ത്തി വെപ്പ് തടയാൻ നടപടി തുടങ്ങിയെന്നും .വ്യക്തമാക്കുന്നു