ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: ചരിത്രം കുറിക്കാന്‍ നീരജ് ചോപ്ര ഇന്നിറങ്ങും; റിലേയിലും ഇന്ന് ഫൈനല്‍

Kerala

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. നീരജിനൊപ്പം ഡി പി മനുവും കിഷോര്‍ ജെനയും ഫൈനലില്‍ മത്സരിക്കും. രാത്രി 11.45നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങുക. ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനൊരുങ്ങുകയാണ് ഒളിംപിക് ചാംപ്യന്‍. ഫൈനലിലെത്താന്‍ നീരജിന് ഒറ്റയേറെ വേണ്ടിവന്നുള്ളൂ. 88.77 മീറ്ററോടെ യോഗ്യതാ റൗണ്ടില്‍ ഒന്നാമത്. സീസണിലെ ഏറ്റവും മികച്ച ദൂരം. സീസണിലെ മികച്ച രണ്ടാമത്തെ ദൂരം താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്.

പാരിസ് ഒളിംപിക്‌സിനും നീരജ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ഫൈനലില്‍ മത്സരിക്കുന്ന പന്ത്രണ്ട് താരങ്ങളില്‍ നീരജിനൊപ്പം 80 മീറ്റര്‍ മറികടന്ന മനുവും കിഷോര്‍ ജെനയുമുണ്ട്. യോഗ്യതാ റൗണ്ടില്‍ 81.31 മീറ്ററോടെ മനു ആറും 80.55 മീറ്ററോടെ കിഷോര്‍ ഒന്‍പതും സ്ഥാനത്ത്. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ജാവലിന്‍ ഫൈനലില്‍ എത്തുന്നതും ആദ്യം. കഴിഞ്ഞ വര്‍ഷം നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. 86.79 ദൂരത്തോടെ രണ്ടാമതെത്തിയ പാകിസ്ഥാന്റെ അര്‍ഷാദ് നദീം, ചെക് താരം യാകൂബ്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവരായിരിക്കും ഫൈനലില്‍ നീരജിന്റെ പ്രധാന എതിരാളികള്‍.

അതേസമയം, ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ 4-400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ ടീം ഫൈനലിലെത്തി. മലയാളികളായ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേശ് എന്നിവരടങ്ങിയ ടീമാണ് ചരിത്രം കുറിച്ചത്. 59.05 സെക്കന്റില്‍ അമേരിക്കയ്ക്ക് പിന്നിലായാണ് ഹീറ്റ്‌സില്‍ ഇന്ത്യ ഫിനിഷ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ 1.07നാണ് ഫൈനല്‍

Leave a Reply

Your email address will not be published. Required fields are marked *