ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷനിമിഷമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്നത്.
ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 89.94 മീറ്റര്‍ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വര്‍ണ മെഡല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ.
ആദ്യ ശ്രമത്തില്‍ത്തന്നെ 90 മീറ്റര്‍ ദൂരം പിന്നിട്ട് ഫോം തെളിയിച്ച നിലവിലെ ചാംപ്യന്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ്, അവസാന ശ്രമത്തില്‍ 90.54 മീറ്റര്‍ ദൂരം കണ്ടെത്തി സ്വര്‍ണം നിലനിര്‍ത്തി. ഫൈനലില്‍ പീറ്റേഴ്‌സ് മൂന്നു തവണ 90 മീറ്റര്‍ ദൂരം പിന്നിട്ടു. 2019ല്‍ 86.89 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് പീറ്റേഴ്‌സ് സ്വര്‍ണം നേടിയത്. ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്ലെജ് വെങ്കലം നേടി.
നീരജിന്റെ നേട്ടം നാട്ടുകാരും വീട്ടുകാരും വന്‍ ആഘോഷമാക്കി. ഹരിയാനയിലെ പാനിപ്പത്തിലെ വീട്ടില്‍ പാട്ടും ഡാന്‍സുമായാണ് വിജയം ആഘോഷിച്ചത്.