കൽപ്പറ്റ:അരങ്ങില്‍ മുളങ്കാടിന്റെ പതിഞ്ഞ സംഗീതം. സദസ്സില്‍ ഇളങ്കാറ്റിൽ കാടുലയുന്ന ആരവം. വേറിട്ട സംഗീത വിസ്മയവുമായി വയനാടിന്റെ
സ്വന്തം മ്യൂസിക് ബാന്റ് മലമുഴക്കി എന്റെ കേരളം വേദിയുടെ മനം നിറച്ചു.
മുളന്തണ്ടില്‍ മാസ്മരികത തീര്‍ത്താണ് മലമുഴക്കി കലാ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കിയത്. കല്‍പ്പറ്റ ആസ്ഥാനമായി തുടങ്ങിയ ഭവം സൊസൈറ്റിയുടെ കോവിഡാനന്തര ആശയമാണ് മലമുഴക്കിയെന്ന സ്വന്തം മ്യൂസിക്കല്‍ ബാന്റ്. മുള പ്രധാന മാധ്യമമാക്കി സംഗീത ലോകത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിക്കുകയാണ് ‘ടീം മലമുഴക്കി. പൂര്‍ണ്ണമായും മുളയില്‍ നിര്‍മ്മിച്ചെടുത്ത സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളുമായാണ് മലമുഴക്കി സ്റ്റേജിലെത്തിയത്. ഹാർമോണിയം മുതൽ എല്ലാ ഉപകരണങ്ങളും ഇവർ തന്നെയാണ് ഉണ്ടാക്കിയത്. പാഴ്മുളം തണ്ടിൽ സംഗീത ഉപകരണങ്ങളുടെ വിസ്മയലോകമാണ് ഇവർ സൃഷ്ടിച്ചെടുത്തത്.
2021 ഡിസംബറില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് കൊച്ചിയില്‍ ബാംബു ഫെസ്റ്റ് വേദിയില്‍ മലമുഴക്കി ബാൻ്റ് ഉദ്ഘാടനം ചെയ്തത്.
ആഗോളതാപനം, ഉരുള്‍പൊട്ടല്‍, അന്തരീക്ഷത്തിലെ ഓക്‌സിജന്റെ കുറവ്, പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ വന്ന വ്യതിയാനം തുടങ്ങി ഇന്ന് നരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ പര്യാപ്തമായ പ്രകൃതിയിലെ ഏറ്റവും വലിയ പുല്ലിനമാണ് മുള . മുളയുടെ പ്രചാരണവും, ബോധവല്‍ക്കരണവും ഉള്‍പ്പെടുന്ന ആശയമാണ് മലമുഴക്കി മ്യൂസിക് ബാന്റ് മുന്നോട്ട് വെക്കുന്നത്. മുള നടാം വരും കാലത്തിന്റെ തണലായി എന്ന സന്ദേശത്തോടെയാണ് മലമുഴക്കി വേദിയില്‍ നിന്നും പിന്‍വാങ്ങിയത്. വൈവിധ്യമായ ഒട്ടേറെ കലാ സാംസ്‌കാരിക പരിപാടികളാണ് എന്റെ കേരളം വേദിയില്‍ അരങ്ങേറുന്നത്.