ദില്ലി: യുജിസി അടക്കം കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൌണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണവുമായി കേന്ദ്രം. സൈബർ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റർ അക്കൌണ്ടുകൾക്ക് സുരക്ഷ കൂട്ടാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ദില്ലി പൊലീസും അന്വേഷണം തുടങ്ങി
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ കൈക്കലാക്കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു.
രണ്ട് ദിവസങ്ങളിലായി മൂന്ന് പ്രധാനപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളാണ് സമാന രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടതിനെ കേന്ദ്രം അതിഗൌരവത്തോടെയാണ് കാണുന്നത്. നാലര മണിക്കൂറുകളോളം വേണ്ടി വന്നു ഈ അക്കൌണ്ടുകൾ തിരികെ പിടിക്കാൻ.
മൂന്ന് അക്കൗണ്ടുകളും ഹാക്ക് ചെയ്തത് ഒരേ സംഘമാണോ എന്നതാണ് നിലവിൽ അന്വേഷിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റർ അക്കൌണ്ടുകൾക്ക് സുരക്ഷ കൂട്ടി നിർദ്ദേശമുണ്ട്.
ക്രിപ്റ്റോ തട്ടിപ്പ് സംഘങ്ങളിലേക്കാണ് നിലവിൽ അന്വേഷണം നീങ്ങുന്നത്. സംഭവത്തിൽ ദില്ലി പൊലീസ് സൈബർ ക്രൈം വിഭാഗവും അന്വേഷണം തുടങ്ങി.യുപി മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്തതിൽ യുപി സർക്കാർ സ്വന്തം നിലയ്ക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ അക്കൗണ്ട് സമാന രീതിയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്നത്തെ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ കേന്ദ്രം ഇതുവരെ പുറത്ത് വിട്ടില്ല.