ഹലാൽ നിരോധനം ആവശ്യപ്പെട്ട് എട്ട് ഹിന്ദുത്വ സംഘടനകൾ സംയുക്തമായി കർണാടക സർക്കാരിന് കത്ത് നൽകി. അതിനിടെ, സംസ്ഥാനത്തെ അഞ്ച് അറവുശാലകൾക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. ഹലാൽ നിരോധന ആവശ്യങ്ങൾക്കിടെയാണ് നടപടി. ഹലാല്‍ നിരോധനാവശ്യത്തെ പിന്തുണച്ച് കര്‍ണാടക മന്ത്രി ശശികല ജോളിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഹലാല്‍ നിരോധന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു.
കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദള്‍ പ്രവര്‍ത്തക ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. അന്യായമെന്നും അംഗീകരിക്കാനാകില്ലെന്നും മുസ്ലീം സംഘടനകള്‍ പ്രതികരിച്ചു.