തുടർച്ചായി ഉണ്ടാകുന്ന പെട്രോൾ, ഡീസൽ വില വർധനയ്ക്ക് പിന്നാലെ രാജ്യത്ത് മണ്ണെണ്ണ വിലയും കുതിച്ചുയർന്നു. മാർച്ച് മാസം വരെ 59 രൂപയായിരുന്ന മണ്ണെണ്ണ വില ഏപ്രിലായതോടെ 81 രൂപയിലെത്തി. 22 രൂപയുടെ വർധനയാണ് ഒറ്റയടിക്ക് ഉണ്ടായത്…
മണ്ണെണ്ണ വില ജനങ്ങൾക്ക് കുറച്ച് നൽകാൻ കഴിയുമോ എന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മന്ത്രി വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനികൾക്ക് അധികാരം നൽകുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചതുകൊണ്ട് ജനം വലയുകയാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 തവണയാണ് പെട്രോൾ ഡീസൽ വില വർധിച്ചത്. ഇതിന് പിന്നാലെയാണ് 22 രൂപ മണ്ണെണ്ണയ്ക്കും വർധിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ക്രൂര നിലപാടാണ് കേരളത്തോട് കാണിച്ചിരിക്കുന്നതെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാനായും മറ്റും മണ്ണെണ്ണ ആവശ്യമാണ്. നിലവിൽ നൂറ് രൂപ നൽകി മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന് പോകേണ്ട അവസ്ഥയിലാണ് കേരളം.