ശസ്ത്രക്രിയ പൂര്‍ത്തിയായി; ഉഷയുടെ വയറ്റില്‍ നിന്ന് ഉപകരണം പുറത്തെടുത്തു

General

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫ്കുട്ടിയുടെ ശസ്ത്രക്രിയ കൊച്ചിയില്‍ പൂര്‍ത്തിയായി. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തതായി കൊച്ചി അമൃത ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗിയുടെ നില തൃപ്തികരമെന്നും ഡോക്ടേഴ്‌സ് അറിയിച്ചു

ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീര്‍, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവര്‍ നേതൃത്വം നല്‍കി. കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുള്‍ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയില്‍ ഉടനീളം സന്നിഹിതരായിരുന്നു. പുറത്തെടുത്ത ഉപകരണം അമ്പലപ്പുഴ പൊലീസിന് കൈമാറി.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. 2021ലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകാരന്‍ മാത്രമാണ് കേസിലെ പ്രതി. ചികിത്സ പിഴവ് ഉണ്ടായ തീയതി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതില്‍ പൊലീസിന് ഗുരുതര പിഴവുമുണ്ടായി.

മനുഷ്യജീവനും വ്യക്തിസുരക്ഷിതത്വത്തിനും അപകടകാരമാം വിധം പ്രവര്‍ത്തിച്ചു എന്നാണ് ഡോ. ലളിതാംബിക കരുണാകാരനെതിരായ എഫ്‌ഐആര്‍. ഉഷ ജോസഫിന്റെ ശസ്ത്രക്രിയയില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവം നടന്ന 2021 കാലയളവില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു ഡോ. ലളിതാംബിക കരുണാകരന്‍. ഉഷയുടെ ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ മാത്രം പ്രതി ചേര്‍ത്തുള്ള എഫ്‌ഐആര്‍.

Leave a Reply

Your email address will not be published. Required fields are marked *