മാഞ്ചസ്റ്റര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തി ഇംഗ്ലണ്ട്. ടി20യില്‍ 300 സ്‌കോര്‍ അടിച്ചുകൂട്ടുന്ന മൂന്നാമത്തെ രാജ്യമായി ഇംഗ്ലണ്ട് മാറി. ഐസിസിയില്‍ ഫുള്‍ മെമ്പര്‍ഷിപ്പുള്ള ഒരു രാജ്യം ആദ്യമായി ടി20യില്‍ 300 കടന്നു എന്ന പ്രത്യേകതയും ടീം ടോട്ടലിനുണ്ട്. 2 വിക്കറ്റ് നഷ്ടത്തില്‍ അവര്‍ അടിച്ചെടുത്തത് 304 റണ്‍സ്. പ്രോട്ടീസിന്റെ മറുപടി വെറും 16.1 ഓവറില്‍ 158 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് 146 റണ്‍സ് ജയം.
ടി20 ക്രിക്കറ്റിലെ പല പുതിയ ബഞ്ച് മാർക്കുകൾ സൃഷ്ടിച്ച ബാറ്റിങ് വിരുന്നാണ് മാഞ്ചസ്റ്ററില്‍ കണ്ടത്. 60 പന്തില്‍ 8 സിക്‌സും 15 ഫോറും സഹിതം 141 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ഫില്‍ സാള്‍ട്ട്, വെറും 30 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം 83 റണ്‍സ് കണ്ടെത്തിയ ജോസ് ബട്‌ലര്‍ എന്നിവരുടെ മാരക ബാറ്റിങാണ് സ്‌കോര്‍ 300 കടക്കുന്നതില്‍ നിര്‍ണായകമായത്. 14 പന്തില്‍ 26 റണ്‍സെടുത്ത് ജേക്കബ് ബേതേലും 21 പന്തില്‍ 41 റണ്‍സെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സ്‌കോറിലേക്ക് സംഭാവന ചെയ്തു.