തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെടിക്കെട്ട് ബാറ്റിങുമായി സഞ്ജു സാംസണ്‍. കേരള ക്രിക്കറ്റ് ലീഗില്‍ വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ സഞ്ജു 42 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 13 ഫോറും 5 സിക്‌സും സഹിതമാണ് താരത്തിന്റെ കന്നി കെസിഎല്‍ സെഞ്ച്വറി.
നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായാണ് സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങ്. ആദ്യ കളികളില്‍ തിളങ്ങാന്‍ സാധിക്കാത്തതിന്റെ നിരാശ താരം മൂന്നാം മത്സരത്തില്‍ തീര്‍ത്തു.
ബ്ലൂ ടൈഗേഴ്‌സിനു മുന്നില്‍ 237 റണ്‍സിന്റെ പടുകൂറ്റന്‍ ലക്ഷ്യമാണ് കൊല്ലം വച്ചത്. ആദ്യം ബാറ്റിങിനു ഇറങ്ങിയ കൊല്ലം നിശ്ചിത ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 236 റണ്‍സ് അടിച്ചുകൂട്ടി.
രണ്ട് സെഞ്ച്വറികള്‍ നഷ്ടമായത് മാത്രമാണ് അവര്‍ക്ക് നിരാശ സമ്മാനിച്ചത്. ഓപ്പണര്‍ വിഷ്ണു വിനോദ് ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കട്ടയ്ക്ക് പിന്തുണ നല്‍കി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലായത് കൊല്ലത്തിന് ഇരട്ടി മധുരമായി. ഇരുവര്‍ക്കുമാണ് സെഞ്ച്വറി നഷ്ടമായത്.
വിഷ്ണു വിനോദ് 41 പന്തില്‍ 10 സിക്‌സും 3 ഫോറും സഹിതം 94 റണ്‍സെടുത്തു മടങ്ങി. സച്ചിന്‍ ബേബി 44 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതം 91 റണ്‍സും കണ്ടെത്തി.
കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ജെറിന്‍ പിഎസ് 2 വിക്കറ്റെടുത്തു. അഖിന്‍ സത്താര്‍, ക്യാപ്റ്റന്‍ സാലി സാംസണ്‍, കെഎം ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.