അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കവും ദുഖവും രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. സംഭവത്തെ ‘വിനാശകരം’ എന്നാണ് സ്റ്റാർമർ വിശേഷിപ്പിച്ചത്. നിരവധി ബ്രിട്ടീഷ് പൗരന്മാർ അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനാപകടത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നും, അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബത്തിനൊപ്പമാണ് ബ്രിട്ടൻ നിലകൊള്ളുന്നതെന്നും സ്റ്റാർമർ പറഞ്ഞു.
അതേസമയം ദാരുണമായ അപകടത്തിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ‘അഗാധമായ ദുഃഖം’ രേഖപ്പെടുത്തി. “അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ചുള്ള വാർത്തയിൽ ഞാൻ അഗാധമായി ദുഃഖിതനാണ്. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകും. സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.”- ഡേവിഡ് ലാമി പറഞ്ഞു.